തകഴി മോഡേണ്‍ റൈസ് മിൽ; കോടികൾ ‘തവിടുപൊടി’
text_fieldsഅമ്പലപ്പുഴ: തകഴി മോഡേണ്‍ റൈസ് മില്ലില്‍ ‘തവിടുപൊടി’യാക്കിയത് കോടികള്‍. കുട്ടനാടൻ കർഷകരുടെ ചിരകാല സ്വപ്ന പദ്ധതിക്ക് വിത്ത് പാകിയിട്ട് കാല്‍നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴും ഇങ്ങനെയൊരു മില്ലുള്ള വിവരം പാഡി ഓഫിസര്‍ക്കും അറിവില്ല. മില്ലുകളിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം കൈകാര്യം ചെയ്യേണ്ട ഉദ്യോസ്ഥ അതിശയോക്തിയോടെയാണ് ഈ മിൽ മറുപടി പറഞ്ഞത്.
സ്വകാര്യമില്ലുകാരുടെയും ഇടനിലക്കാരുടെയും ചൂഷണത്തിൽനിന്ന് നെൽക്കർഷകരെ രക്ഷിക്കാൻ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് 2000ല്‍ അന്നത്തെ കൃഷിമന്ത്രി തകഴി ക്ഷേത്രത്തിന് കിഴക്ക് വെയർഹൗസിനു സമീപമാണ് തറക്കല്ലിട്ടത്. കര്‍ഷകരില്‍നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് അരിയാക്കി മാറ്റുന്ന തരത്തിലായിരുന്നു പദ്ധതി. പ്രതിദിനം 40 ടണ്‍ നെല്ല് അരിയാക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. 1.75 കോടിയാണ് റൈസ് മില്ലിനായി ബജറ്റില്‍ അനുവദിച്ചത്. 1.62 ഏക്കർ സ്ഥലത്ത് 14042 ചതുരശ്ര അടി വരുന്ന കെട്ടിട സമുച്ചയത്തിന്റെ പണി അന്ന് തുടങ്ങി. 1.5 കോടി രൂപ ചെലവിട്ട് കെട്ടിടം പണിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് യന്ത്രങ്ങളും വാങ്ങിക്കൂട്ടി. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. പിന്നീട് കുറെ യന്ത്രങ്ങൾ ആലത്തൂരിലേക്ക് കൊണ്ടുപോയെന്നാണ് പറയുന്നത്. കെട്ടിടം കാട് കയറി നശിച്ചു. മില്ലിനായി കര്‍ഷകര്‍ പിന്നെയും മുറവിളി കൂട്ടിയതോടെ 2007ല്‍ കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന് ഒരു വട്ടം കൂടി ഉദ്ഘാടനം നടത്തി. ഇതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും നാമ്പ് മുളച്ചു. എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാട്ടില്‍ ശുദ്ധജലം കിട്ടാനില്ലെന്ന കാരണം മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
പിന്നീട് കരുമാടിയിൽ ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതി യാഥാർഥ്യമാക്കിയിരുന്നെങ്കിൽ തകഴിയുടെ മുഖഛായ തന്നെ മാറുമായിരുന്നു. ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ആയതിനാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കാത്തതും തിരിച്ചടിയായി. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ 2018ലെ മഹാപ്രളയത്തില്‍ നശിച്ചു. ഇതോടെ മില്ലിന്റെ പതനം പൂര്‍ണമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നബാര്‍ഡിന്റെ സഹായത്തോടെ മിൽ പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. അതും ജലരേഖയായി. ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുടമകളാണ് പദ്ധതി അട്ടിമറിച്ചതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാൽ ആറുമാസത്തിന് മുമ്പ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരിലെ ആരംഭിച്ച റൈസ് മിൽ പൂർത്തിയായി. ഏതാനും മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. തകഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഗണന നല്‍കിയില്ലെന്ന് പ്രസിഡന്റ് അജയകുമാര്‍ പറഞ്ഞു. സർക്കാറിന്റെ 100 ദിന പരിപാടിയിൽ കൃഷിവകുപ്പ് തകഴി റൈസ് മിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അപ്പര്‍കുട്ടനാട്ടിലെ എടത്വ, തകഴി, വീയപുരം, തലവടി എന്നിവിടങ്ങളിലെ 134 ഓളം പാടശേഖരങ്ങളിലേയും ലോവര്‍ കുട്ടനാട്ടിലെ ചമ്പക്കുളം, നെടുമുടി, മുട്ടാര്‍ എന്നിവിടങ്ങളിലെ നൂറോളം പാടശേഖരങ്ങളിലെയും നെല്ലുകള്‍ ഇപ്പോൾ കാലടിക്കാണ് കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.