കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്ക്; ചെമ്പിൽ പാടശേഖരത്ത് മട വീണു
text_fieldsഅമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാടശേഖരത്ത് മട വീണു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കരുമാടി വിളക്കുമരത്തിന് സമീപം 11 ഏക്കറുള്ള ചെമ്പിൽ പാടശേഖരത്താണ് ശനിയാഴ്ച പുലർച്ച മട വീണത്. ഈ മാസം 15നായിരുന്നു വിതച്ചത്. ചൊവ്വാഴ്ച കളനാശിനി പ്രയോഗം ചെയ്യാനിരിക്കെയാണ് മട വീണ് കൃഷി നശിച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ തോരാതെ പെയ്യുന്ന മഴ മൂലം പമ്പയാറിന്റെ കൈവഴിയായ പൂക്കൈതയാറ് കരകവിഞ്ഞതാണ് മട വീഴ്ചയുണ്ടായത്. ഇനി മടയടക്കാനായി ലക്ഷങ്ങൾ ചെലവിടേണ്ട അവസ്ഥയിലാണ് കർഷകർ. പൂക്കൈതയാറിൽ നിന്ന് വെള്ളം കയറി പാടശേഖരം കരകവിഞ്ഞു. കൃഷി ഭവനിൽ നിന്ന് ലഭിച്ച വിത്തിന് മുളപ്പ് കുറവായതിനാൽ 15,000 രൂപയോളം ചെലവഴിച്ച് രണ്ടര ക്വിന്റൽ വിത്ത് പുറം വിപണിയിൽ നിന്ന് വാങ്ങിയാണ് വിതച്ചത്. ഇതാണ് മട വീഴ്ചയിൽ മുങ്ങിയത്. കുറ്റി നാട്ടി മടതടയാൻ ശ്രമിച്ചെങ്കിലും കുത്തൊഴുക്കിൽ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.