കുടിവെള്ളം മുട്ടിച്ച് ദേശീയപാത വികസനം സമരത്തിനൊരുങ്ങി നാട്ടുകാർ
text_fieldsഅമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ തുടക്കം മുതല്‍ അമ്പലപ്പുഴയിലെ പല പ്രദേശങ്ങളിലും കുടിവെള്ളമില്ല. അശാസ്ത്രീയമായ കുഴിയെടുപ്പുമൂലം ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. അലക്ഷ്യമായി മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതാണ് പൈപ്പ് പൊട്ടലിന് കാരണം. ദിവസങ്ങളോളം വെള്ളം പാഴായാലും അധികൃതർ നടപടിയെടുക്കില്ല. പൊട്ടുന്ന പൈപ്പുകൾ അടച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണവും നിലക്കും.
വണ്ടാനം മെഡിക്കല്‍ കോളജിന് സമീപം ദേശീയപാതയില്‍ കാന നിര്‍മിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് പൊട്ടിയപ്പോഴും അറ്റകുറ്റപ്പണി നടത്താതെ അടച്ചുവെക്കുകയായിരുന്നു. ഇതോടെ, കുറവന്തോട് പ്രദേശത്തെ 20ലധികം കുടുംബങ്ങളില്‍ കുടിവെള്ളം കിട്ടാതായി. സ്വകാര്യ ആര്.ഒ പ്ലാന്റുകളില്‍നിന്ന് വെള്ളം വിലയ്ക്ക് വാങ്ങിയാണ് ജീവിതം കഴിച്ചുകൂട്ടിയത്. പുന്നപ്ര കളിത്തട്ടിലും വില്ലേജ് വളപ്പിലും പ്രവര്‍ത്തിച്ചിരുന്ന ആര്.ഒ പ്ലാന്റ് നിര്‍ത്തിവെച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. പരിഹാരം കാണാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പൊട്ടിച്ച പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതിനുശേഷം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം.
എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം നിലച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.