കനത്തചൂടില്‍ കടല്‍ ‘കരിഞ്ഞു’ തീരം വറുതിയില്‍
text_fieldsഅമ്പലപ്പുഴ: ചൂട് കനത്തതോടെ കടല്‍ ‘കരിഞ്ഞു’. തീരദേശം വറുതിയുടെ പിടിയില്‍. അന്നത്തിനുള്ള വകതേടി കടലിലേക്ക് പോകുന്ന തൊഴിലാളികള്‍ നിരാശയോടെയാണ് മടങ്ങുന്നത്. ക്രിസ്മസിനുശേഷം പൊടിമീൻപോലും കിട്ടുന്നില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, പല്ലന, കരൂർ, വളഞ്ഞവഴി, മാധവൻ മുക്ക്, പുന്നപ്ര ചള്ളി, പറവൂർ ഗലീലിയ, വാടക്കൽ അറപ്പപൊഴി, ദുരന്തം കുരിശടി, അര്‍ത്തുങ്കല്‍ തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയവർക്ക് വീടുകളിലേക്കുള്ള കറിക്കും പോലും മീന്‍ കിട്ടാതെയാണ് മടങ്ങിയത്.
പത്തോളം പേർ പണിയെടുക്കുന്ന നീട്ടുവള്ളങ്ങൾ മുതൽ 30 പേർ കയറുന്ന വള്ളക്കാർക്കും മീൻ കിട്ടാതിരുന്നത് മൂലം നഷ്ടത്തിന്റെ കണക്ക് മാത്രമാണ് ബാക്കിയുള്ളത്. ഒരു ചെറിയ വള്ളം കടലിൽ പോയി തിരികെയെത്തുമ്പോൾ പെട്രോൾ, ഡീസൽ ഇനത്തിൽ 5000 രൂപയോളം ഇന്ധന ചെലവുവരും. കൂടാതെ തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പണം വേറെയും വള്ളം ഉടമ കണ്ടെത്തണം.
ജില്ലയുടെ തീരത്തുനിന്ന് കടലിൽ പോകുന്ന കൂറ്റൻ ലെലാൻഡ് കൊച്ചിയിലും കൊല്ലം നീണ്ടകരയിലുമാണ് അടുക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറെ ദിവസങ്ങളായി മത്സ്യം കണികാണാൻപോലും ഇല്ലെന്നാണ് ഇവരുടെയും പരാതി. കനത്ത ചൂടുമൂലം മേൽത്തട്ടിലേക്ക് മീൻ എത്തുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
കൊച്ചി മുനമ്പത്ത് ബോട്ടില്‍ പണിയെടുക്കാന്‍ പോയ തൊഴിലാളികളില്‍ പലരും നിരാശയോടെയാണ് വീടുകളില്‍ എത്തിയത്. ക്രിസ്മസിന് പോലും വീടുകളില്‍ എത്താനാകാതെ ദിവസങ്ങളോളം കടലിനോട് മല്ലിട്ടെങ്കിലും നിരാശരായാണ് മടങ്ങിയത്. പത്ത് ദിവസത്തോളം കരകാണാതെ പ്രതീക്ഷകളോടെ കടലില്‍ കിടന്നെങ്കിലും ഇന്ധനം, ഭക്ഷണച്ചെലവുകള്‍ കഴിഞ്ഞാല്‍ ഒന്നിനും മിച്ചം പിടിക്കാന്‍ വകയില്ലാതെയാണ് വീടുകളില്‍ എത്തിയത്.
ഒരാള്‍ പണിയെടുക്കുന്ന പൊന്തുവലക്കാർ നിരന്തരം കടലിൽ ഇറക്കുന്നുണ്ടെങ്കിലും ഇവർക്കും അധ്വാനം മാത്രം മിച്ചമായി. പുന്നപ്ര, പറവൂർ ഗലീലിയ, വാടക്കൽ പ്രദേശത്തുനിന്നാണ് കൂടുതൽ പൊന്തുകൾ മത്സ്യബന്ധനം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് മത്തി സുലഭമായി ലഭിച്ചിരുന്നു. എന്നാൽ, ഇതിനിടയാണ് വേനൽച്ചൂട് പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപിച്ചത്. വള്ളങ്ങള്‍ കാലിയായി കരക്കെത്തിയാല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ മാത്രമല്ല അനുബന്ധ മേഖലയിലെ തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാകും.
കോരുകാര്, ചുമട്ടുകാര്‍, ഐസ് നിറക്കുന്നവര്‍, പെട്ടി നിറക്കുന്നവര്‍, ലോഡിങ് തൊഴിലാളികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് അനുബന്ധത്തൊഴിലാളികളായുള്ളത്. കൂടാതെ പീലിങ് മേഖലയും അടച്ച് പൂട്ടേണ്ടിവരും. കനത്ത ചൂട് മത്സ്യമേഖലയെ തളര്‍ത്തുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് തീരമേഖലയെ ബാധിച്ചിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനം നഷ്ടക്കണക്കിലേക്ക് എത്തിച്ചതിനാല്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാനും ഉടമകള്‍ തയാറാകുന്നില്ല. വരും ദിവസങ്ങളിലെ പ്രതീക്ഷകളിലാണ് വള്ളം ഉടമകളും മത്സ്യമേഖലയിലെ തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.