തിരമാലതട്ടിയെടുത്ത രണ്ടുവയസ്സുകാരന്‍ ലക്ഷ്മണന്‍റെ കരങ്ങളിൽ സുരക്ഷിതം
text_fieldsഅമ്പലപ്പുഴ: അലറി അടുത്ത തിരമാല തട്ടിയെടുത്ത പിഞ്ചോമനയുടെ ജീവന്‍ വയോധികനായ മത്സ്യത്തൊഴിലാളിയുടെ കരങ്ങളില്‍ ഭദ്രമായി. നീർക്കുന്നം പഴുപാറലിൽ ലക്ഷ്മണനാണ് (64) തിരമാലയിൽപ്പെട്ട് കടലിൽ മുങ്ങിത്താണ രണ്ടുവയസ്സുകാരന് രക്ഷകനായത്. നീർക്കുന്നം കടൽത്തീരത്ത് ബുധനാഴ്ച പകൽ 11 ഓടെയാണ് സംഭവം.
ബന്ധുകൂടിയായ സമീപവാസിയുടെ വീട്ടിലെ സഞ്ചയനകർമത്തിൽ പങ്കെടുക്കാൻ മുത്തച്ഛൻ പുരുഷനൊപ്പമാണ് പുതുവൽ അനീഷ് - വിനിത ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ എത്തിയത്. സഞ്ചയന കർമത്തിന്റെ ഭാഗമായി അസ്ഥി കടലിലൊഴുക്കിയശേഷം ബന്ധുക്കൾ കടലിൽ മുങ്ങി കരയിലേക്കെത്തി. ഈ സമയം ചടങ്ങിന്റെ ഭാഗമായി കടൽ വെള്ളം പാത്രത്തിൽ നിറക്കുന്നതിനിടെ പുരുഷന്‍റെ ഒക്കത്തിരുന്ന കുഞ്ഞ് കൂറ്റൻ തിരമാലയിൽ പെട്ട് കടലിലേക്ക് ഒഴുകിപോയി.
കണ്ടുനിന്ന ലക്ഷ്മണന്‍ കടലിലേക്ക് ചാടി തീരത്തുനിന്നും 25 മീറ്ററിലധികം പടിഞ്ഞാറോട്ട് ഒഴുകിപ്പോയ കുഞ്ഞിനെ ഏറെ ശ്രമകരമായാണ് കരയിലെത്തിച്ചത്. ശരീരമാസകലം ഉരഞ്ഞ് മുറിവേറ്റെങ്കിലും കുഞ്ഞിന് മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം ലക്ഷ്മണനും വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.