ഇവർ ആറു മാസത്തോളമായി വെള്ളത്തിലാണ്
text_fieldsഅമ്പലപ്പുഴ: പാടശേഖരങ്ങളിൽ കൃഷി ഇറക്കാതിരുന്നത് വെള്ളത്തിലാക്കിയത് ഇരുനൂറോളം കുടുംബങ്ങളെ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്ന്, നാല് വാർഡുകളിലെ കുടുംബങ്ങളാണ് കഴിഞ്ഞ ആറുമാസമായി വെള്ളത്തിൽ മുങ്ങിക്കഴിയുന്നത്.
കട്ടക്കുഴി, കരിങ്ങാലിത്തറ, കാട്ടുങ്കൽ, പനച്ചിത്തറ പാടശേഖരങ്ങൾ കഴിഞ്ഞ രണ്ടുതവണയായി തരിശിട്ടിരിക്കുകയാണ്. പൈപ്പ് മുട്ട് പാലത്തിെൻറ നിർമാണവുമായി ബന്ധപ്പെട്ട് കട്ടക്കുഴി, പനച്ചിത്തറ പാടശേഖരങ്ങളുടെ മോട്ടോർ നീക്കിയതാണ് നാലു പാടശേഖരവും തരിശിടാൻ കാരണമായത്.
പാലത്തിെൻറ നിർമാണം പൂർത്തിയായെങ്കിലും മോട്ടോർ സ്ഥാപിച്ച് കൃഷിയിറക്കാൻ പിന്നീട് കർഷകർ തയാറായില്ല. കരിങ്ങാലിത്തറ, കാട്ടുങ്കൽ പാടശേഖരങ്ങൾക്ക് പ്രത്യേകം മോട്ടോർ ഉണ്ടെങ്കിലും പുറംബണ്ടിന് ഉയരക്കുറവായതിനാൽ തൊട്ടടുെത്ത മറ്റ് രണ്ട് പാടശേഖരത്തിലെ വെള്ളവും ഒലിച്ചുകയറുമെന്നതിനാലാണ് ഇതും തരിശിടേണ്ടിവന്നത്. ഇതോടെ വെള്ളക്കെട്ടിലായ കുടുംബങ്ങൾക്ക് കുടിവെള്ളംപോലും മുട്ടിയിരിക്കുകയാണ്.
മുട്ടറ്റം വെള്ളത്തിൽ നീന്തിവേണം പുറത്തിറങ്ങാൻ. സെപ്റ്റിക്ടാങ്കുകൾ വെള്ളത്തിലായതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലാണ് പോകുന്നത്. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ഓട്ടോകളും കയറിവരില്ല. മാസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ ത്വഗ്രോഗങ്ങളും പനിയും വിട്ടുമാറുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പല വീട്ടിലും വെള്ളം കയറി. തട്ടുകെട്ടിയാണ് പാചകം ചെയ്യുന്നത്. ഈ നിലതുടർന്നാൽ പ്രദേശം ജലജന്യരോഗങ്ങളുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മാസങ്ങളായി ഒരുപ്രദേശത്തെ വീടുകൾ വെള്ളത്തിലായിട്ടും പഞ്ചായത്ത് അധികൃതർ വേണ്ടനടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
തരിശിട്ട പാടശേഖരങ്ങളിലെ വെള്ളം അടിയന്തരമായി വറ്റിച്ച് കൃഷിയിറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.