തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിക്കൽ പൂര്‍ത്തിയായി
text_fieldsഅമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിക്കുന്ന ജോലികൾ പൂര്‍ത്തിയായി. വേലായിറക്കത്തിന് തുറക്കാവുന്ന തരത്തില്‍ കടലില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലത്തില്‍ എത്തിച്ചു. ഞായറാഴ്ച എട്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈകീട്ടോടെ ചാല് മുറിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്. വൈകീട്ട് വേലിയേറ്റമായതിനാല്‍ കടലില്‍നിന്നുള്ള വെള്ളം പൊഴിയിലേക്ക് കയറാന്‍ സാധ്യയുള്ളതിനാലാണ് തീരത്തോട് ചേര്‍ന്ന് ചാല് മുറിക്കുന്ന ജോലികള്‍ നിര്‍ത്തിവെച്ചത്.
കലക്ടറുടെ നിര്‍ദ്ദേശം തേടിയശേഷം തിങ്കളാഴ്ച ശേഷിക്കുന്ന മണ്ണും നീക്കം ചെയ്ത് വെള്ളം കടലിലേക്ക് ഒഴിക്കിവിടുമെന്ന് ഇറിഗേഷൻ വകുപ്പ് എ.ഇ എം.സി.സജീവ്കുമാര്‍ പറഞ്ഞു. നിലവില്‍ 240 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ താഴ്ചയിലുമാണ് ചാല് മുറിച്ചിട്ടുള്ളത്. വെള്ളം ഇറങ്ങുന്നതനുസരിച്ച് ചാലിന്റെ ഇരുവശങ്ങളില്‍ നിന്നും മണ്ണ് നീക്കി വീതികൂട്ടും.വെള്ളിയാഴ്ച മുതലാണ് പൊഴിമുഖത്തെ മണൽ നീക്കി വെളളം കടലിലേക്ക് ഒഴുക്കിവിടുന്ന ജോലി ആരംഭിച്ചത്. പുറക്കാട് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ടിലായിരുന്നു. പാടശേഖരങ്ങളിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാലേ കരയിലെ വെള്ളം വറ്റുകയുള്ളു. പൊഴി മുറിക്കുന്നതോടെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കും. സ്പിൽവേയിൽ നിലവിലുള്ള 40ഷട്ടറുകളിൽ 38 എണ്ണം കഴിഞ്ഞ ദിവസം തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.