നക്ഷത്രഞണ്ടുകള് ഭീഷണി; മത്സ്യബന്ധനം നിർത്തി
text_fieldsഅമ്പലപ്പുഴ: കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നക്ഷത്രഞണ്ടുകള് ഭീഷണിയാകുന്നു. വള്ളക്കാര് പലരും രണ്ടുദിവസമായി മത്സ്യബന്ധനം നിര്‍ത്തി. പുറംകടലില്‍ നിന്നും കൂട്ടത്തോടെയെത്തുന്ന ഞണ്ട് വലകള്‍ നശിപ്പിക്കുകയാണ്. വലയില്‍ കുടുങ്ങുന്ന ഞണ്ടുകളെ നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്.
വള്ളം നങ്കൂരമിട്ടശേഷം പുലര്‍ച്ചയാണ് വലയില്‍നിന്ന് മീനുകള്‍ നീക്കി കച്ചവടം നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസമായി കടലില്‍ പോകുന്ന തൊഴിലാളികളുടെ വലയില്‍ കിട്ടുന്നത് ഉപയോഗശൂന്യമായ നക്ഷത്രഞണ്ടുകളാണ്.
കരയില്‍ എത്തി വലയില്‍ നിന്ന് ഇവ നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. കൂടാതെ, ഞണ്ടുകള്‍ കടിച്ച് മുറിച്ച വല നെയ്ത് വേണം വീണ്ടും കടലില്‍ പോകാന്‍. മിക്ക വള്ളക്കാരുടെയും അവസ്ഥ ഇതാണ്. ആഴക്കടലില്‍ വസിക്കുന്ന ഇത്തരം ഞണ്ടുകള്‍ കാലാവസ്ഥ വ്യതിയാനത്തിലാണ് കൂട്ടത്തോടെ തീരക്കടലില്‍ എത്തുന്നതെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വലകള്‍ നശിച്ചതിനാൽ മത്സ്യബന്ധനം നിർത്തി പല വള്ളങ്ങളും തീരത്ത് നങ്കൂരമിട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തിയ പല വള്ളങ്ങളിലും കാര്യമായി മീന്‍ ലഭിച്ചിരുന്നെങ്കില്‍ രണ്ട് ദിവസമായുള്ള നക്ഷത്ര ഞണ്ടുകളുടെ ശല്യം തൊഴിലാളികളെ ആശങ്കയിലാക്കി.
ഒരു ചെറിയ വള്ളംകടലിൽ ഇറക്കി കരയണയുമ്പോൾ 5000 രൂപയോളം ഇന്ധന ചെലവു വരും. വലിയ വള്ളങ്ങൾക്കാണെങ്കിൽ 10000 മുതൽ 20000 രൂപവരെ ചെലവുവരും. ഇതേ രീതിയിൽ വള്ളങ്ങൾ കടലിലിറക്കി മടങ്ങിയെത്തുന്നത് വലയും നഷ്ടപ്പെട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.