ട്രോളിങ് നിരോധനം: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യ 14 ദിവസം നിരാശ; ഇനിയെങ്കിലും മീൻ കിട്ടുമോ...?
text_fieldsഅമ്പലപ്പുഴ: ട്രോളിങ് നിരോധനം 14 ദിവസം പിന്നിടുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയുടെ തീരത്ത്. ഇതുവരെയുള്ള ദിവസങ്ങൾ നിരാശയാണുണ്ടാക്കിയതെങ്കിലും വരും ദിവസങ്ങളിൽ ചാകര പ്രതീക്ഷയിലാണ് പരമ്പരാഗത തൊഴിലാളികൾ.
ജൂൺ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. ട്രോളിങ് നിരോധനത്തിലെ 52 ദിവസമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീനിന് വില ലഭിക്കുന്നത് ഈ സമയത്താണ്.
ഓരോ വര്‍ഷവും ‘കോര്‍ത്തുകെട്ടുന്ന’ആഗ്രഹങ്ങള്‍ ട്രോളിങ് കാലത്ത് വലയടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പും കടുത്ത മത്സ്യക്ഷാമവും ട്രോളിങ് നിരോധനകാലത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കി.
ചാകര കൊയ്ത് പ്രതീക്ഷിച്ച സമയത്താണ് അപ്രതീക്ഷിത കടൽ കയറ്റവും കാലാവസ്ഥ മുന്നറിയിപ്പും പ്രതീക്ഷകളെ കവർന്നത്. ശനിയാഴ്ച പുലര്‍ച്ച മത്സ്യബന്ധനത്തിന് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നുപോയ നൂറോളം നീട്ടുവലക്കാരിൽ ഭൂരിഭാഗവും നിരാശയോടെയാണ് മടങ്ങിയത്. ഇതില്‍ പത്തോളം വള്ളങ്ങള്‍ക്ക് മാത്രമാണ് കാര്യമായി മീന്‍ ലഭിച്ചത്. ചില വള്ളക്കാര്‍ക്ക് ചിലവിനുള്ള വകകിട്ടി.
ചില വള്ളങ്ങളില്‍ വലിയമത്തികള് കിട്ടി. ഒന്നര ലക്ഷം രൂപ വരെ കിട്ടിയവരുണ്ട്. ആയിരംതെങ്ങില്‍ നിന്നും പോയ ചില ലൈലന്റ് വള്ളങ്ങൾക്ക് മൂന്ന് മുതല്‍ നാല് ലക്ഷം വരെ ലഭിച്ചു. ലൈലന്റ് വള്ളങ്ങളില്‍ കിട്ടിയ മീന്‍ കരിയര്‍ വള്ളങ്ങളില്‍ തോട്ടപ്പള്ളിയിലാണ് എത്തിച്ചത്. മത്തിക്ക് 300 മുതല്‍ 320 രൂപ വരെയായിരുന്നു ഹാര്‍ബറിലെ വില. നിലവില്‍ പുറക്കാട് പുത്തന്‍നട തീരം മുതല്‍ തോട്ടപ്പള്ളി വരെ തീരം ശാന്തമാണെങ്കിലും മറ്റിടങ്ങളില്‍ ശക്തമായ തിരമാലകളാണ്.
നീട്ടുവള്ളത്തില്‍ മൂന്ന് മുതല്‍ പത്തുപേരു വരെ കടലില്‍ പോകും. ഒരു വള്ളം കടലിലിറക്കി തിരിച്ചു വരണമെങ്കിൽ അയ്യായിരം മുതൽ എണ്ണായിരം രൂപവരെ ചെലവ് വരും. പ്രതീക്ഷ കൈവെടിയാതെ ദിവസങ്ങൾ കടലിൽ പണിയെടുത്തിട്ടും ഒന്നും കിട്ടാതെ വള്ളം ഉടമയും തൊഴിലാളികളും വൻ കടക്കെണിയിലാവുന്ന സാഹചര്യമാണ്.
അനുബന്ധ തൊഴിലാളികളുടെ കുടുംബങ്ങളിലും അടുപ്പുകള്‍ പുകയാത്ത അവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം പഞ്ഞമാസ വിഹിതം പോലും കിട്ടുന്നില്ല. സ്കൂളുകള്‍ തുറന്ന് അധ്യയനം തുടങ്ങിയെങ്കിലും പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും പലർക്കും നിവൃത്തിയില്ല.
ചില സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിലാണ് പഠനോപകരണങ്ങള്‍ പലര്‍ക്കും കിട്ടിയത്. കടലില്‍ നിന്നുള്ള വരുമാനം കുറയുമ്പോഴും ചെമ്മീന്കിള്ളി ജോലിയെടുക്കുന്ന സ്ത്രീകളുടെ വരുമാനമായിരുന്നു കുടുംബങ്ങളുടെ ആശ്രയം. അതും ഇല്ലാതെ വന്നത് പല കുടുംബങ്ങളെ ആകെ വലച്ചിരിക്കുകയാണ്. എങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ കടല്‍ കനിയുമെന്ന പ്രതീക്ഷയുടെ തീരത്താണ് പരമ്പരാഗത വള്ളക്കാരും മത്സ്യത്തൊഴിലാളി കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.