കുഴൽക്കിണറുകൾ പൂർത്തിയായിട്ട് മാസം രണ്ട്; കുടിവെള്ള വിതരണത്തിന് നടപടിയില്ല
text_fieldsഅമ്പലപ്പുഴ: തകഴിയിൽ പൈപ്പുപൊട്ടൽ പതിവായതോടെ കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരാൻ സ്ഥാപിച്ച കുഴൽക്കിണറുകൾ രണ്ടുമാസം പിന്നിട്ടിട്ടും പ്രവർത്തിച്ചുതുടങ്ങിയില്ല. ഏറ്റവുമൊടുവിൽ പൊട്ടിയ പൈപ്പുമാറ്റി പമ്പിങ് പുനരാരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും ആലപ്പുഴ നഗരത്തിെൻറ വിവിധ മേഖലകളിലടക്കം കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
കുഴൽക്കിണർ പൂർത്തിയായാൽ രണ്ടാഴ്ചക്കുള്ളിൽ ജലവിതരണം തുടങ്ങാമെന്നിരിക്കെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് ജനങ്ങളെ വലക്കുന്നത്. എച്ച്. സലാം എം.എൽ.എ. മുൻകൈയെടുത്ത് മന്ത്രിതലത്തിൽ യോഗം വിളിച്ചുചേർത്താണ് അമ്പലപ്പുഴ മണ്ഡലത്തിൽ എട്ട് കുഴൽക്കിണറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിൽ ഒരെണ്ണം ഭൂജല വകുപ്പും മറ്റെല്ലാം സ്വകാര്യ കരാറുകാരുമാണ് ഏറ്റെടുത്തത്. പുന്നപ്ര വടക്ക് വലിയപറമ്പ് കോളനി, പുറക്കാട് എന്നിവയൊഴികെ മറ്റെല്ല കുഴൽക്കിണറുകളും ജൂണിൽ പൂർത്തിയായിരുന്നു. പൈപ്പിനു വില കൂടിയതിനാൽ മന്ത്രിതലത്തിൽ ഇടപെടലുണ്ടായാണ് കരാറുകാർക്ക് തുക വർധിപ്പിച്ചു നൽകി ജോലികൾ പൂർത്തിയാക്കിയത്.
ഭൂജലവകുപ്പിെൻറ നേതൃത്വത്തിൽ തൂക്കുകുളത്ത് സ്ഥാപിച്ച കുഴൽക്കിണർ ജൂൺ 29നു പൂർത്തിയായി പരീക്ഷണ പമ്പിങ് നടത്തിയതാണ്. ഇവിടെനിന്നു ശേഖരിച്ച വെള്ളം പരിശോധിച്ച് ഫലവും ജല അതോറിറ്റിക്കു കൈമാറിയിരുന്നു.
147 മീറ്റർ ആഴത്തിൽ നിർമിച്ച കുഴൽക്കിണറിൽനിന്ന് മണിക്കൂറിൽ അരലക്ഷം ലിറ്റർ വരെ ജല ലഭ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ പൈപ്പിൽ വെള്ളം വരുന്നത് കാത്ത് ഉറങ്ങാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. അമ്പലപ്പുഴ വടക്കു ഗ്രാമപഞ്ചായത്തിെൻറ കിഴക്കൻ മേഖലയിൽ കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകളായി.
കരുമാടിയിൽനിന്നുള്ള പമ്പിങ് പുനരാരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആലപ്പുഴ നഗരസഭയുടെ തെക്കുകിഴക്കു മേഖലകളിൽ വെള്ളമെത്തിയിട്ടില്ല. ദിവസങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെ അരമണിക്കൂർ വെള്ളം കിട്ടിയതായി പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.