പാടശേഖരത്തിൽ നിയന്ത്രണമില്ലാതെ വെള്ളം കയറ്റി; നൂറിലധികം കുടുംബങ്ങൾ വെള്ളത്തിൽ
text_fieldsഅമ്പലപ്പുഴ: വിളവെടുപ്പ് കഴിഞ്ഞ പാടശേഖരത്തിൽ നിയന്ത്രണമില്ലാതെ വെള്ളം കയറ്റിയതോടെ സമീപപ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളത്തിലായി. തോട്ടപ്പള്ളി മലയിൽക്കുന്നു പാടശേഖരത്തിലാണ് വെള്ളം കയറ്റിയത്.
ഇതോടെ ഇല്ലിച്ചിറവരെയുള്ള നൂറിലധികം കുടുംബങ്ങൾ വെള്ളത്തിലായി. അടുത്ത പുഞ്ചകൃഷിക്കായി ഒരു മാസം മുമ്പാണ് വെള്ളം കയറ്റിയത്. ടി.എസ്. കനാലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന മോട്ടറിെൻറ പെട്ടിയും പറയും ഇളക്കിമാറ്റിയാണ് വെള്ളം കയറ്റിയത്.
ഇതോടെ വെള്ളം കയറുന്നത് നിയന്ത്രിക്കാനാകാതെ വന്നു. സാധാരണ പുറംതൂമ്പ് തുറന്നും പെട്ടിയുടെ മുൻഭാഗം തുറന്നുവെച്ചുമാണ് വെള്ളം കയറ്റിയിരുന്നത്.
പാടശേഖരത്ത് വെള്ളം നിറഞ്ഞുകഴിയുമ്പോൾ തൂമ്പുകളും പെട്ടിയും അടച്ച് കൂടുതൽ വെള്ളം കയറാതെ നിയന്ത്രിക്കാമായിരുന്നു. വീടുകളിൽ വെള്ളം കയറിയതോടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ല.
സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞുകവിയുന്നു. ഇതു പല സാംക്രമിക രോഗങ്ങൾക്കും കാരണമാകും. കൂടാതെ ആവശ്യ സാധനങ്ങൾ വാങ്ങാൻപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ കുടുംബങ്ങൾ നേരിടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കലക്ടർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.