അമ്പലപ്പുഴ തീരത്ത് അപ്രതീക്ഷിത കടൽ ക്ഷോഭം
text_fieldsഅമ്പലപ്പുഴ: മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിത കടൽ ക്ഷോഭത്തിൽ വ്യാപക നാശനഷ്ടം. ബുധനാഴ്ച സന്ധ്യയോടെയാണ് തോട്ടപ്പള്ളി മുതൽ പുന്നപ്രവരെ കടൽ ആഞ്ഞടിച്ചത്.രാത്രിയോടെ കടൽ ക്ഷോഭം ശക്തമായതോടെ നിരവധി വീടുകളിലും വെള്ളം കയറി.
ശക്തമായ തിരയടിച്ച് വീടുകളുടെ ജനലുകളും തകർന്നു. രാത്രിയായതിനാൽ പല കുടുംബങ്ങളും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലുമായി. രാവിലെ കടൽ ശാന്തമായെങ്കിലും വീടുകളുടെ മുറ്റത്തുനിന്ന് ചളിയും വെള്ളവും നീക്കാൻ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിത കടൽ ക്ഷോഭത്തിൽ ആശങ്കയോടെ നിൽക്കുകയായിരുന്നു തീരവാസികൾ.
പുത്തൻനട ഭാഗത്ത് പുലിമുട്ടില്ലാത്തതാണ് ഈ പ്രദേശത്ത് കടൽക്ഷോഭം മൂലം കനത്ത നാശനഷ്ടമുണ്ടാകാൻ കാരണമായത്.അമ്പലപ്പുഴ മാധവൻമുക്ക് തീരത്തും ശക്തമായ കടൽ ക്ഷോഭമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. അടിച്ചുകയറിയ വെള്ളം ഒഴുകി മാറാതെ വീടുകളിൽ കെട്ടിക്കിടക്കുകയാണ്.
പല വീടുകളുടെ അടുക്കളയിലും വെള്ളം കയറി. ഇതോടെ വീടുകളിൽ ആഹാരം പാകം ചെയ്യാൻ കഴിയാതായി. തീരത്തുനിന്ന് 50 മീറ്റർ അകലെയുള്ള വീടുകളിൽവരെ വെള്ളം ഇരച്ചുകയറി. നിലവിലുള്ള കടൽഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിച്ചത്. അടിയന്തരമായി ഈ പ്രദേശങ്ങളിൽ പുലിമുട്ട് നിർമിക്കാൻ സർക്കാർ തയാറാകണമെന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ ആവശ്യപ്പെട്ടു.
കടൽ ക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ ജില്ല കലക്ടർ എ. അലക്സാണ്ടർ സന്ദർശിച്ചു. കടൽ ഭിത്തി തകർന്നുകിടക്കുന്ന സ്ഥലങ്ങളിൽ അടിയന്തരമായി കല്ലുകളിട്ട് തീരം സംരക്ഷിക്കാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ റവന്യൂ വകുപ്പിനും കലക്ടർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.