ഉണ്ണികൃഷ്ണന് വെറുമൊരു അധ്യാപകനല്ല
text_fieldsഅമ്പലപ്പുഴ: വിദ്യാര്‍ഥികളുടെ ഭാവിയോടൊപ്പം അവരെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കി വളർത്തുകയാണ് ഉണ്ണിമാഷ്. ക്ലാസിൽ കുട്ടികള്‍ക്ക് ഉണ്ണി സാറാണെങ്കിലും വീട്ടുകാര്യങ്ങളിൽ ഇടപെടുമ്പോൾ അവര്‍ക്ക് ഉണ്ണി അണ്ണനാണ്. പുന്നപ്ര തെക്കിൽ തീരദേശമേഖല കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന യു.കെ.ഡി ട്യൂഷൻ സെന്ററിലെ പ്രിന്‍സിപ്പൽ ഉണ്ണിമാഷിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പറഞ്ഞാൽ തീരാത്ത കടപ്പാടാണുള്ളത്.
പാഠ്യഭാഗങ്ങൾ മനഃപാഠമാക്കുന്ന കാര്യത്തിൽ മാത്രമല്ല, കുട്ടികളെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കി വളർത്തുന്നതിലൂടെയാണ് ‘വിദ്യ’ പൂർത്തിയാകുന്നതെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. അവശരായവർക്ക് കൈത്താങ്ങാകുന്ന തരത്തിൽ കുട്ടികളെ വാർത്തെടുക്കുന്ന രീതിയും യു.കെ.ഡി നടത്തിവരുന്നു. ഇവിടെ പഠിച്ച കുട്ടികളിൽ അർഹരായ മൂന്നുപേരുടെ കുടുംബത്തിന് സുരക്ഷിതമായ വീടൊരുക്കാൻ ഉണ്ണികൃഷ്ണൻ നേതൃത്വം നല്കി. വിദ്യാർഥികൾ പൂർവ വിദ്യാർഥികൾ, സഹഅധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഇതിന്റെ വിജയമെന്നാണ് ഉണ്ണികൃഷ്ണൻ ഉറപ്പിച്ചുപറയുന്നത്.
പ്രളയത്തിൽ കഞ്ഞിപ്പാടത്തെ ഒരു കുട്ടിയുടെ വീടിന്റെ നിര്‍മാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ ഇതും പൂര്‍ത്തിയാക്കി നൽകി. നഴ്സിങ് പഠനത്തിനിടെ കോളജിന്റെ മുകളിൽനിന്നും വീണുമരിച്ച പൂർവ വിദ്യാര്‍ഥിയുടെ ചോർന്നൊലിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി മാതാപിതാക്കൾക്ക് നല്കി. അടുത്തിടെ ഇവിടെ പഠിക്കുന്ന കുട്ടിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകി. കൂടാതെ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് മാസത്തിൽ രണ്ടുദിവസം ഒരുനേരം ഭക്ഷണവും നൽകിവരുന്നുണ്ട്.
ശാന്തിഭവനിലെ അന്തേവാസിയായിരുന്ന ഒരു കുട്ടിയെ പത്താം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യവും മറ്റൊരു അന്തേവാസിയായിരുന്ന യുവതിയുടെ വിവാഹത്തിന് ധനസഹായവും നൽകിയിരുന്നതായും ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. കൂടാതെ കിടപ്പിലായ രോഗികൾക്ക് ചികിത്സക്കായി വർഷംതോറും ഒരുലക്ഷം രൂപവരെ ധനസഹായം നൽകിവരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ഉണ്ണികൃഷ്ണനാണ്.
തീരദേശമേഖലയില്‍നിന്ന് എസ്.എസ്.എൽ.സി ജയിച്ച ചുരുക്കം കുട്ടികളിൽ ഒരാളായിരുന്നു മത്സ്യത്തൊഴിലാളിയായിരുന്ന ദൈത്യാനന്ദന്റെ മകൻ ഡി. ഉണ്ണികൃഷ്ണൻ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ട്യൂഷൻ ക്ലാസ് തുടങ്ങുന്നത്. ഇപ്പോൾ ഏഴാം ക്ലാസ് മുതൽ പ്ലസ് ടുവരെ 1100ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഠിച്ചിറങ്ങിയവരിൽ നിരവധി പേർ ജോലിതേടി വിവിധ രാജ്യങ്ങളിൽ പോയെങ്കിലും നാട്ടിലെത്തിയാൽ ഉണ്ണിസാറിനെ തേടിയെത്തും. മാതാവ് അരുന്ദതിയും ഭാര്യ സീതയും ഇവിടത്തെ അധ്യാപികയാണ്. മകൻ അക്ഷയ് കൃഷ്ണ ഇന്ത്യൻ നേവിയിലാണ്. മകൾ ആശാകൃഷ്ണൻ എൽഎൽ.ബി വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.