അശാസ്ത്രീയ നിര്‍മാണം; ദേശീയപാതയിൽ അപകട മരണങ്ങൾ കൂടുന്നു
text_fieldsഅമ്പലപ്പുഴ: ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങൾ യാത്രക്കാരെ അപകടങ്ങളിലേക്ക് തള്ളിവിടുന്നു. കുണ്ടും കുഴിയും മഴയത്തുള്ള ചളി നിറഞ്ഞ വെള്ളക്കെട്ടും ഇടവിട്ടുള്ള റോഡ് നിർമാണവുമാണ് അപകടങ്ങൾ പെരുകാൻ കാരണം. ഏപ്രിലിൽ പുറക്കാട്ട് ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന മൂന്നംഗ കുടുംബത്തിന്റെ ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞിരുന്നു.
നിർമാണത്തിലെ അപാകതമൂലം ഇവിടെ വേറെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പുന്നപ്ര കുറവന്തോട് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ മെയിൽ നഴ്സ് ബൈക്കപകടത്തില്‍ മരിക്കാനിടയായത് അവസാന അപകടം. ഇടവിട്ടുള്ള നിര്‍മാണമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ടാറിങ്ങിന് മുമ്പുള്ള ഭാഗത്തെ മെറ്റൽ ഇളകിക്കിടക്കുകയാണ്. ഇവിടെ വാഹനങ്ങള്‍ തിരിക്കുമ്പോഴും ബ്രേക്കിടുമ്പോഴും ഇരുചക്രവാഹനാപകടം പതിവാണ്.
തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടവും മെറ്റലില്‍ തെന്നി നിയന്ത്രണം തെറ്റി സംരക്ഷണ ഭിത്തിയില്‍ ഇടിച്ചതാകാമെന്നാണ് പറയുന്നത്. വടക്ക് നിന്നും ആലപ്പുഴ ബൈപാസ് കഴിഞ്ഞാല്‍ പറവൂര്‍ വാട്ടര്വര്ക്സിലാണ് ദേശീയപാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. ഇത് കപ്പക്കടക്ക് സമീപം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെ അടിപ്പാതയുടെ നിര്‍മാണം നടക്കുന്നതിന്റെ ഭാഗമാണ് പാതയുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
ഇത്തരത്തില്‍ പുന്നപ്ര മാര്‍ക്കറ്റ്, പുന്നപ്ര പൊലീസ് സ്റ്റേഷന്, കെ.എസ്.ഇ.ബി സബ്സ്റ്റേഷന്, കുറവന്തോട് മസ്ജിദ്, വണ്ടാനം തുടങ്ങിയ ഇടങ്ങളിലെല്ലാം ഇടവിട്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. അടിപ്പാത ഇല്ലാത്ത പലയിടങ്ങളിലും പാതയുടെ നിര്‍മാണം ഒഴിവാക്കിയാണ് നടക്കുന്നത്. ഇവിടെയെല്ലാം മെറ്റൽ ഇളകിയ നിലയിലും റോഡുകള്‍ കുണ്ടും കുഴിയുമാണ്.
അനധികൃത കരിമണല്‍ ഖനനത്തിനെതിരെ പ്രതികരിക്കുന്നത് പോലെ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുന്ന ദേശീയപാതയുടെ നിര്‍മാണം ശാസ്ത്രീയമാക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തുവരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അരൂരിൽ ദിനേന പല അപകടങ്ങളാണ് ഉണ്ടാകുന്നത്. വാഹനങ്ങൾ ചളിക്കുണ്ടിൽ താന്നും മൂടില്ലാത്ത കാനിൽ വാഹനങ്ങളുടെ ചക്രങ്ങൾപെട്ടും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന ആവശ്യം ശക്തം
അപകടങ്ങൾ പെരുകിയിട്ടും അതൊന്നും വകവക്കാതെ റോഡ് നിർമാണവുമായി മുന്നോട്ടുപോകുന്ന കമ്പനിയെ നിയന്ത്രിക്കാൻ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
അരൂരിൽ അപകടങ്ങൾ പെരുകിയതോടെ കമീഷൻ ഇടപെട്ടത് നാട്ടുകാരിൽ പ്രതീക്ഷ പകർന്നിട്ടുണ്ട്. റോഡ് നിർമാണം തടസ്സപ്പെടുത്തിയാൽ അത് കുറ്റകരവും വികസനം തടയലുമായി മാറുമെന്ന് ഭയന്ന് ജനപ്രതിനിധികളും സംഘടനകളും പ്രതിഷേധത്തിന് മുതിരുന്നില്ല. ഇത് മുതലെടുത്താണ് കമ്പനി മനുഷ്യ ജീവന് വിലകൽപിക്കാതെ നിർമാണവുമായി മുന്നോട്ടുപോകുന്നത്.
ഇരുളിന്റെ മറവില്‍ പതിയിരുന്ന ദുരന്തം
അമ്പലപ്പുഴ: മെയിൽ നഴ്സ് അപകടത്തില്പ്പെടാനിടയായത് ഇരുളിന്റെ മറവിലെ കെണിയാണെന്നും ഓടിക്കൂടിയവര്‍ പറയുന്നു. ദേശീയപാതയുടെ ശോച്യാവസ്ഥ കാരണം പഴയനടക്കാവ് റോഡിലൂടെയാണ് പലപ്പോഴും നിബുന്‍ യാത്ര ചെയ്തിരുന്നത്. അപകട ദിവസവും പഴയനടക്കാവ് റോഡിലൂടെ കുറവന്തോട് വഴിയാണ് ദേശീയപാതയില്‍ കയറിയത്. തൊട്ടുപിന്നാലെയാണ് മരണം യുവാവിനെ തട്ടിയെടുത്തത്. സന്ധ്യയായാല്‍ ദേശീയപാത ഇരുളില്‍ മുങ്ങും. ശബ്ദം കേട്ടഭാഗത്തേക്ക് ഓടി എത്തിയപ്പോഴാണ് അപകടമാണെന്നറിയാന് കഴിഞ്ഞത്. ആളിനെ തിരിച്ചറിയാന്‍ പലരും വാഹന നമ്പര്‍ സമൂഹമാധ്യമങ്ങളിലും മോട്ടോര്‍ വാഹനവകുപ്പ് സൈറ്റുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കൃത്യവിവരം ലഭിച്ചില്ല. പുന്നപ്ര പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് മരിച്ചത് പുറക്കാട് സ്വദേശിയാണെന്ന വിവരം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.