അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികന് തുണയായി ആംബുലൻസ് ജീവനക്കാർ
text_fieldsമാന്നാർ: അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനു തുണയായി ആംബുലൻസ് ജീവനക്കാർ. മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കുട്ടമ്പേരൂർ കോയിക്കൽ മുക്കിനു തെക്കുവശത്ത് ശനിയാഴ്ച അപകടത്തിൽപെട്ട സ്കൂട്ടർ യാത്രക്കാരനായ ചെന്നിത്തല റൂബൻവില്ലയിൽ റൂബനാണ്(18) ആംബുലൻസ് ഡ്രൈവർ സ്വാലിഹ് ജീവനക്കാരൻ സുഹൈൽ എന്നിവർ രക്ഷകരായി മാറിയത്. പരുമല ആശുപത്രിയിൽ രോഗിയെ ഇറക്കി തിരികെവരുമ്പോഴാണ് റൂബൻ വന്ന സ്കൂട്ടർ കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴി മൂടിയതിന്റെ ഭാഗമായി ഉയർന്നുനിന്ന മൺകൂനയിൽ കയറി റോഡിലേക്ക് തെറിച്ചുവീഴുന്നത് സ്വാലിഹും സുഹൈലും കണ്ടത്. ഉടൻതന്നെ വാഹനം നിർത്തിയിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അപകടത്തിൽ വീണുകിടന്ന യുവാവിനെ എടുക്കാൻ ശ്രമിച്ചപ്പോൾ വയറിന് താഴെയുണ്ടായ വലിയ മുറിവിൽനിന്ന് അമിതമായി രക്തംപോകുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ തന്നെ ആംബുലൻസ് തിരിച്ച് അതിൽ കയറ്റി നിമിഷനേരം കൊണ്ട് പരുമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കറ്റാനം, ചൂനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡ് വിങ്സ് കമ്പനിയുടേതാണ് ആംബുലൻസ്. സംസ്ഥാനപാതയിലും മാന്നാർ പഞ്ചായത്തിലെ ഇടറോഡുകളിലും കുടിവെള്ള പൈപ്പ് ഇടാനെടുത്ത കുഴി മൂടിയ മണ്ണ് ഉയർന്നുകിടക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.