ആലപ്പുഴയിലെ പഞ്ചായത്തുകളിൽ ആംബുലന്‍സ് സജ്ജമാക്കുന്നു
text_fieldsആലപ്പുഴ: കോവിഡ്19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആംബുലന്‍സ് സേവനം ഉറപ്പുവരുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി. ആംബുലന്‍സ് നിലവിലില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സുകള്‍ വാടകക്കെടുക്കണം. ജില്ല പഞ്ചായത്തിന്റെ കോവിഡ് ഹെല്പ് ഡെസ്കിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ല പഞ്ചായത്ത് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സി.എഫ്.എൽ.ടി.സിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആംബുലൻസ്, മാസ്ക്, സാനിറ്റൈസർ അടക്കമുള്ള കാര്യങ്ങൾക്കുമായി ഈ തുക വിനിയോഗിക്കുന്നതിന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയതായും പ്രസിഡൻറ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പദ്ധതി തയാറാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുതരത്തിലുള്ള പ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ നടപ്പാക്കുക. രോഗികളായവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് സി.എഫ്.എൽ.ടി.സികൾ കാര്യക്ഷമമാക്കുകയാണ് ഒന്നാമത്തെ ഘട്ടം.
രോഗികളായവരുടെയും മറ്റുള്ളവരുടെയും ആശങ്ക അകറ്റുന്നതിനും മാനസികമായി ശക്തിപ്പെടുത്തുന്നതിനുമുള്ള ഹെൽപ് െഡസ്ക് പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടം. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് മൂന്നാമത്തെ ഘട്ടം. അലോപ്പതി, ആയുർവേദം, ഹോമിയോ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക.
ജില്ല പഞ്ചായത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. റിയാസ്, ബിപിൻ സി. ബാബു, ഡോ. കെ.കെ. ദീപ്തി, ഡോ. ശ്രീജിതൻ, ഡോ. ജെ. ബോബൻ, ഡോ. എസ്. ഷീബ, എം.ജി. സുരേഷ്, ജ്യോതി കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.