അമൃത് പദ്ധതി: 917.31 കോടി പാഴായേക്കും
text_fieldsആലപ്പുഴ: വികസന പദ്ധതികൾക്കായി അനുവദിച്ച കേന്ദ്ര ഫണ്ടിന്റെ കാലാവധി മാർച്ചിൽ തീരുന്നതിനാൽ ഒമ്പത് നഗരങ്ങൾക്ക് 917.31 കോടി രൂപ നഷ്ടപ്പെടും. കുടിവെള്ള വിതരണം, മലിനജല സംസ്കരണം, കക്കൂസ് മാലിന്യ സംസ്കരണം എന്നിവക്കായി അമൃത് പദ്ധതിയിൽ നീക്കിവെച്ച പണമാണ് നഷ്ടപ്പെടുക.
നഗരങ്ങളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് അമൃത് പദ്ധതി. ഒന്നാംഘട്ടത്തിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളെയും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് നഗരസഭകളെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലേക്കായി 999 പദ്ധതികൾ നഗരകാര്യവിഭാഗം തയാറാക്കി. 2,357.69 കോടി രൂപയും വകയിരുത്തി.
2015 മുതൽ ഇവയുടെ പൂർത്തീകരണത്തിനായി ശ്രമിച്ചെങ്കിലും 1,440.38 കോടി രൂപ ചെലവിൽ 836 പദ്ധതികൾ മാത്രമാണ് നടപ്പാക്കാനായത്. 163 പദ്ധതികൾ എങ്ങുമെത്തിയില്ല. ഇതിൽ കൂടുതലും കക്കൂസ് മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികളാണ്. പ്രദേശവാസികളുടെ എതിർപ്പും ബോധവത്കരണക്കുറവും മൂലമാണ് പദ്ധതികൾ നടപ്പാക്കാനാകാതെ പോയതെന്ന് അധികൃതർ പറയുന്നു.
മഴക്കാലമെത്തുമ്പോഴേ വെള്ളത്തിൽ മുങ്ങുന്ന നഗരങ്ങളെ അതിൽനിന്ന് രക്ഷിക്കാനുള്ള ഓട വിപുലീകരണമാണ് പൂർത്തിയായ പദ്ധതികളിൽ പ്രധാനപ്പെട്ടത്. ഒമ്പത് നഗരങ്ങളിലായി 463 പദ്ധതികൾ ഇതിനായി നടപ്പാക്കി. കുടിവെള്ള വിതരണത്തിന് 137 പദ്ധതിയും മലിനജലം, കക്കൂസ് മാലിന്യം എന്നിവയുടെ സംസ്കരണവുമായി ബന്ധപ്പെട്ട് 90ഉം നടപ്പാത, പാർക്കിങ് എന്നിവക്കായി 88 പദ്ധതിയും 58 പാർക്കും പൂർത്തിയാക്കി.
കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിലാണ് 2020ൽ തീരേണ്ട പദ്ധതികൾക്ക് കേന്ദ്ര നഗരമന്ത്രാലയം ഇതുവരെ സമയം നീട്ടിനൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പകുതിവീതം വിഹിതം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.