കാത്തിരിപ്പിനും ദുരിതത്തിനും വിരാമം; ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നാളെ മുതൽ ബസുകൾ കയറും
text_fieldsഹരിപ്പാട്: നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ബസുകൾക്ക് കയറാൻ വഴിയൊരുങ്ങുന്നു. കാലങ്ങളായി യാത്രക്കാരും ജീവനക്കാരും അനുഭവിച്ച ദുരിതങ്ങൾക്ക് ഇതോടെ വിരാമമാകും.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനായി പുതിയതായി നിർമിച്ച റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് രമേശ് ചെന്നിത്തല നിർവഹിക്കും. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ആധുനീകരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് പദ്ധതി ആവിഷ്കരിച്ചത്.
ഡിപ്പോയും വാണിജ്യസമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് വിഭാവന ചെയ്തത്. 2015ലാണ് പഴയ ബസ്സ്റ്റാൻഡ് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നത്. നവീകരണം എട്ടുവർഷം നീണ്ടു.
വികസനത്തിന്റെ പേരിൽ ഡിപ്പോയിലെ ജീവനക്കാരും ഇവിടുത്തെ യാത്രക്കാരും കടുത്ത ദുരിതമാണ് അനുഭവിച്ചത്. ബസ് സ്റ്റേഷന് ഉള്ളിലെ യാർഡ് കുണ്ടും കുഴിയുമായി തകർന്നുകിടന്നതിനാൽ ബസുകൾ നിർത്തിയിടാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്റ്റാൻഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യപ്രദമായ വഴി ഇല്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി ഉപയോഗപ്പെടുത്തി യാർഡിന്റെയും റോഡിന്റെയും നിർമാണം പൂർത്തീകരിച്ചു. ബസുകൾ വടക്കുഭാഗത്ത് കൂടി സ്റ്റേഷനുകളിലേക്ക് കയറുകയും തെക്കുഭാഗത്ത് കൂടി ദേശീയപാതയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.
അഞ്ചു കോടി മുടക്കിയാണ് വാണിജ്യസമുച്ചയം നിർമിച്ചത്. പലതവണ ലേലം വിളിച്ചിട്ടും വാണിജ്യ സമുച്ചയത്തിലെ കടമുറികൾ ആരും ലേലത്തിന് എടുത്തിട്ടില്ല. നിലവിൽ ഒരു ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ റവന്യൂ ടവറിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്.
യോഗത്തിൽ തഹസിൽദാർ പി.എ. സജീവ്കുമാർ, നഗരസഭ കൗൺസിലർമാരായ ശ്രീവിവേക്, കെ.കെ. രാമകൃഷ്ണൻ, നോബിൾ, കൃഷ്ണകുമാർ, പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. വി. ഷുക്കൂർ, ഹരിപ്പാട് സ്റ്റേഷൻ എസ്.ഐ ഉദയകുമാർ, എം.വി.ഐ അഭിലാഷ് കെ. സദാനന്ദൻ, എ.ടി.ഒ ജി. രാജേഷ്, അരുൺ ആർ. നായർ, റെജി, ആർ.എസ്. മനോജ്, മോഹനകുമാർ, പി. സന്തോഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.