90ാം വയസ്സിൽ ആനിയമ്മ കണ്ടു; അഞ്ച് പതിറ്റാണ്ട് മുമ്പ് ഭർത്താവ് വരച്ച ചിത്രങ്ങൾ
text_fieldsമുഹമ്മ: ഒമ്പതു മക്കളെ പോറ്റിവളർത്തിയ തിരക്കിനിടെ കാണാനാകാതെപോയ ഭർത്താവിെൻറയും മകെൻറയും കലാഭിരുചികൾ 90ാം വയസ്സിൽ ആനിയമ്മ ചാണ്ടി കൺനിറയെ കണ്ടു.
കുടുംബിനിയെന്ന തിരക്കിനിടെ ശ്രദ്ധിക്കാനാകാതെപോയ ആ കലാസൃഷ്ടികൾ, ആരോഗ്യസ്ഥിതി അനുകൂലമല്ലാതിരുന്നിട്ടും ആനിയമ്മ മതിയാവോളം നോക്കിക്കണ്ടു. ബിനാലെ ഫൗണ്ടേഷെൻറ ആലപ്പുഴയിലെ 'ലോകമേ തറവാട്' പ്രദർശനവേദിയാണ് ഈ അപൂർവതക്ക് സാക്ഷിയായത്. മകൻ അലക്സ് ചാണ്ടി തയാറാക്കിയ ചിത്രങ്ങളും ശിൽപങ്ങളും ഭർത്താവ് സി. ചാണ്ടി 1965ൽ മൂത്ത മകെൻറ (ജോസഫ് ചാണ്ടിയുടെ) ബിരുദപഠനത്തിനായി വരച്ചുകൊടുത്ത പെൻസിൽ ഡ്രോയിങ്ങുകളും ലോകമേ തറവാട് വേദിയിൽ പുനരാവിഷ്കരിച്ചതു കാണുകയായിരുന്നു ആനിയമ്മയെന്ന മുത്തശ്ശി.
മുഹമ്മയിലെ യോഗ്യാവീട്ടിൽ കുടുംബിനിയായി എത്തുമ്പോൾ സ്കൂൾ അധ്യാപനവും ബോട്ട് സർവിസ് നടത്തിപ്പുമൊക്കെയായി തിരക്കിട്ട ജീവിതമായിരുന്നു ഭർത്താവ് സി. ചാണ്ടിയുടേത്. മൂത്തമകെൻറ ശാസ്ത്രബിരുദ പഠനത്തിനായി ഉറക്കമൊഴിച്ച് റെക്കോഡ് ബുക്കുകൾ വരച്ചിരുന്ന ഭർത്താവിനെ ആനിയമ്മ ഓർക്കുന്നു. ചിത്രങ്ങളിൽ രേഖപ്പെടുത്തിയതനുസരിച്ച് 1965ലായിരുന്നത്. അതിനുശേഷം ഭർത്താവ് വരക്കുന്നതു കണ്ടിട്ടില്ലെന്ന് ഇവർ പറയുന്നു. ആനിമ്മയുടെയും ചാണ്ടിയുടെയും ഏഴാമത്തെ മകൻ അലക്സ് ചാണ്ടി ചിത്ര-ശിൽപ കലാകാരനാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലായിരുന്നു ദൃശ്യകലാപഠനം.
അലക്സ് ചാണ്ടിയുടെ കലാസൃഷ്ടികൾപോലും ശ്രദ്ധിക്കുന്നത് 2005ൽ ഭർത്താവ് ചാണ്ടിയുടെ മരണശേഷമാണെന്ന് ആനിയമ്മ പറയുന്നു. അന്നു ഭർത്താവ് വരച്ചതെല്ലാം മകൻ അലക്സ് ചാണ്ടി ബിനാലെവേദിയിൽ പുനരാവിഷ്കരിക്കുകയായിരുന്നു. ബിനാലെയിലെ കാഴ്ചകൾ ഹൃദ്യമായ അനുഭവമായിരുന്നെന്നു സാക്ഷ്യപ്പെടുത്തിയാണ് ആനിയമ്മ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.