വളർത്തുപൂച്ചയെ അഞ്ജു യുക്രെയ്നിൽ ഉപേക്ഷിച്ചില്ല; ദുരിതങ്ങൾക്കൊടുവിൽ ആറാംനാൾ വീടണഞ്ഞു
text_fieldsയുക്രെയ്നിലെ വളർത്തുപൂച്ച ലോക്കിയുമായി അഞ്ജുദാസ് വീട്ടിലെത്തിയപ്പോൾ
ആലപ്പുഴ: യുക്രെയ്നിൽനിന്ന് ദുരിതപർവം താണ്ടി എം.ബി.ബി.എസ് വിദ്യാർഥി അഞ്ജുദാസും വളർത്തുപൂച്ച 'ലോക്കി'യും വീടണഞ്ഞു. ഒരുവർഷമായി ഒപ്പംകൂടിയ 'പെൺപൂച്ച'യെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കാതെ ആറുദിവസംനീണ്ട കഠിനയാത്രക്കൊടുവിലാണ് കേരളത്തിന്റെ മണ്ണിലെത്തിത്.
യുക്രെയ്ൻ ഒഡേസ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ പഠനകാലത്താണ് അഞ്ജുദാസ് പെറ്റ്ഷോപ്പിൽനിന്ന് പേർഷ്യൻ ഇനത്തിൽപെട്ട പൂച്ചയെ വാങ്ങിയത്. അപ്പാർട്ടുമെന്റിലെ മുറിയിലിട്ട് വളർത്തിയതോടെ നന്നായി ഇണങ്ങി. യുദ്ധംരൂക്ഷമായതോടെ രാജ്യംവിടാൻ തീരുമാനിച്ചപ്പോൾ തന്നെ പൂച്ചയെ കൈവിടാൻ ഒരുക്കമല്ലായിരുന്നു.
കഴിഞ്ഞമാസം 27ന് ഒഡേസ യൂനിവേഴ്സിറ്റിയിലെ 11അംഗ ഇന്ത്യൻ വിദ്യാർഥി സംഘത്തോടൊപ്പമാണ് പൂച്ചയും യാത്രതിരിച്ചത്. ആദ്യം മൾഡോവ രാജ്യത്തിന്റെ അതിർത്തി കടക്കാനുള്ള അനുമതിക്ക് കൊടുംതണുപ്പിൽ ആറുമണിക്കൂറാണ് കാത്തുകിടന്നത്. ഇവർക്കൊപ്പം തളരാതെയായിരുന്നു അത്. മൾഡോവയിലെ മിലിട്ടറി ക്യാമ്പിലെത്തിയപ്പോഴാണ് ഭക്ഷണംപോലും കിട്ടിയത്. പട്ടാളക്കാർക്ക് പൂച്ചയെ വലിയ ഇഷ്ടമായതിനാൽ ഭക്ഷണം നൽകി.
അഞ്ചുദിവസത്തെ വിസ റെഡിയാക്കി റുമേനിയയിലെ ബുക്കാർ എയർപോർട്ടിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ബസിൽ 22 മണിക്കൂർ പിന്നിട്ട് അവിടെയെത്തിയപ്പോൾ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമാണ് കണ്ടത്. കണ്ടപ്പോൾ കണ്ണുനിറഞ്ഞെങ്കിലും വളർത്തുമൃഗങ്ങളെ കയറ്റാനുള്ള മനസ്സലിവുണ്ടായില്ല. രണ്ടുദിവസമാണ് പൂച്ചയുമായി അവിടെ തങ്ങിയത്. പിന്നീട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്റെ സഹായം തേടി. പൂച്ചയില്ലാതെ വിമാനത്തിൽ കയറില്ലെന്ന് വാശിപിടിച്ചതോടെ സീനിയർ ഓഫിസറുമായി സംസാരിച്ചശേഷം അവസാനയാത്രക്കാരിയായി എയർഫോഴ്സ് വിമാനത്തിൽ അനുമതി നൽകി.
കൊടുംതണുപ്പും മണിക്കൂറുകൾ കാത്തുകിടന്നുള്ള ദുരിതവും മറികടന്ന് നാട്ടിലെത്തിയപ്പോൾ എല്ലാം വേഗത്തിലാകുമെന്നാണ് കരുതിയത്. ഇന്ത്യയിലെത്തിയപ്പോൾ ഡൽഹിയിൽനിന്ന് നേരത്തേ ബുക്ക് ചെയ്ത എയർ ഏഷ്യയുടെ വിമാനത്തിലും കയറ്റാൻ സമ്മതിച്ചില്ല. ആദ്യബോർഡിങ് പാസ് എടുത്താൽ വളർത്തുമൃഗങ്ങളെ ഒപ്പംകൂട്ടാമെന്ന് തിരിച്ചറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സീറ്റുറപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ച 1.30നാണ് ചെങ്ങന്നൂർ-പത്തനംതിട്ട റോഡിൽ കോട്ട വാരിക്കാട്ടിൽ വീട്ടിലെത്തിയത്. തണുപ്പിൽനിന്ന് എത്തിയതിനാൽ കേരളത്തിലെ ചൂട് അസഹനീയമായതിനാൽ എ.സി മുറിയിലാണ് താമസം. ആൾക്കാർ കാണാനെത്തുമ്പോൾ പേടിച്ച് പുറത്തിറങ്ങുന്നില്ല. വീട്ടിലെ വളർത്തുനായ ബ്രൂണോയും പുതിയ അതിഥിയെ അടുപ്പിക്കുന്നില്ല.
കോഴ്സ് പൂർത്തിയാക്കിയെങ്കിലും രണ്ടുമാസത്തിനകം യുക്രെയ്ൻ മിനിസ്ട്രിയുടെ പരീക്ഷയെഴുതാൻ യുക്രെയ്നിലേക്ക് തിരികെ പോകണം. അപ്പോൾ ലോക്കിയെ കൂടെ കൂട്ടില്ലെന്നും അഞ്ജുദാസ് പറഞ്ഞു. പിതാവ്: ശിവദാസ് (ഷാർജ), മാതാവ്: അംബിക, സഹോദരി ലക്ഷ്മി (പ്ലസ്വൺ വിദ്യാർഥിനി).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.