മത്സ്യത്തൊഴിലാളി കുടുംബത്തിന് മറ്റൊരു തൊഴിൽകൂടി ഉറപ്പാക്കും-മന്ത്രി സജി ചെറിയാൻ
text_fieldsആലപ്പുഴ: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സമഗ്ര വികസനം നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി സജി ചെറിയാൻ. പ്രായിക്കര ഫിഷ് ലാൻഡിങ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി കൂടാതെ തീരദേശ മേഖലയിലെ തൊഴിലാളിക്ക് പുനർഗേഹം പദ്ധതിയിലൂടെ 8,300 വീടുകൾ നിർമിച്ചു. 12,600 വീടുകൾ ഏഴുവർഷത്തിനുള്ളിൽ കൊടുക്കാൻ സാധിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിന് മത്സ്യബന്ധനം അല്ലാതെ മറ്റൊരു തൊഴിൽ കൂടി ലഭ്യമാക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
1.33 കോടി രൂപ വിനിയോഗിച്ച് ഇരുനിലകളായിട്ടാണ് ഫിഷ് ലാൻഡിങ് സെന്റർ നിർമിച്ചത്. കെട്ടിടത്തിൽ മത്സ്യലേലം ചെയ്യുന്നതിനുള്ള സംവിധാനം, വല നന്നാക്കുന്നതിനുള്ള സൗകര്യം, സബ് സെന്ററിനായി മുറി, കോൾഡ് സ്റ്റേറേജ് സംവിധാനം, ഓഫിസ് സംവിധാനം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ചെന്നിത്തല-തൃപ്പരുന്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിലയന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പി.കെ. ഷെയ്ഖ് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ജില്ലപഞ്ചായത്തംഗം ജി. ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടിനു യോഹന്നാൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണപിള്ള, ആലപ്പുഴ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി സുനിൽ, ഷിബു കിളിമാൻ തറയിൽ, സെന്റ് മേരിസ് സൊസൈറ്റി ചെറുകോൽ പ്രസിഡന്റ് കെ.എസ്. രാജു കുഞ്ചാന്തറയിൽ, പ്രായിക്കര ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമവികസന സഹകരണ സംഘം സെക്രട്ടറി ജേർസൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.