സാമൂഹികവിരുദ്ധർക്ക് ഇടത്താവളം;വേണം കൃഷ്ണപുരത്ത് പൊലീസ് സ്റ്റേഷൻ
text_fieldsകായംകുളം: നഗരത്തിലെ ക്രമസമാധാന പാലനത്തിന്റെ തിരക്ക് ഒഴിഞ്ഞിട്ട് ജില്ലയുടെ തെക്ക് -പടിഞ്ഞാറെ അതിർത്തിയിലേക്ക് പോകാൻ പൊലീസിനാകുന്നില്ല. പൊലീസിനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
അത്രക്കുണ്ട് നഗരത്തിലെ പ്രശ്നങ്ങൾ. അടി തുടങ്ങിയെന്ന് ആരെങ്കിലും വിളിച്ചുപറഞ്ഞാൽ മരണം കഴിയുമ്പോഴേക്കും അവിടെ എത്തിയിരിക്കുമെന്നതാണ് ഇപ്പോഴത്തെ ഉറപ്പ്. മൂന്നാഴ്ച മുമ്പ് കൃഷ്ണപുരം കുറക്കാവിൽ തുടങ്ങിയ അടി വള്ളികുന്നം സ്റ്റേഷൻ അതിർത്തിയായ കാപ്പിൽ കിഴക്ക് മാവനാൽ കുറ്റി ഭാഗത്ത് കൊലപാതകത്തിന്റെ ഘട്ടത്തിൽ എത്തിയപ്പോഴാണ് പൊലീസിന് ഇവിടേക്ക് എത്താനായതെന്നത് പരിമിതിയുടെ മികച്ച ഉദാഹരണമാണ്. ഈ അസൗകര്യങ്ങളാണ് കഞ്ചാവ്-ക്വട്ടേഷൻ സംഘങ്ങൾ ഇടത്താവളമാക്കിയ ജില്ലയുടെ അതിർത്തി ഗ്രാമമായ കൃഷ്ണപുരത്ത് പൊലീസ് സ്റ്റേഷൻ അനിവാര്യമാക്കുന്നത്.
ആക്രമണങ്ങളും കൊലപാതകവും കഞ്ചാവ് കടത്തുമായി നിരന്തര ക്രമസമാധാന പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. തൊട്ടടുത്ത കൊല്ലം ജില്ലയിൽനിന്നുള്ള ക്രിമിനലുകളുടെ ഒളിസങ്കേതമായും നാട് മാറി. കൃഷ്ണപുരത്ത് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് 2014ൽ നഗരസഭ ആക്ടിങ് ചെയർമാനായിരുന്ന യു. മുഹമ്മദ് നിവേദനം നൽകിയിരുന്നു.
2015ൽ ഇതിന്റെ സാധ്യത പരിശോധിക്കാൻ ആഭ്യന്തര വകുപ്പിൽനിന്ന് നിർദേശമുണ്ടായെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. കായംകുളം സ്റ്റേഷന്റെ പ്രവർത്തന ബാഹുല്യം കണക്കിലെടുത്തും വിഭജനം അനിവാര്യമാണെന്ന ചർച്ച ഉയർന്നിരുന്നു. നഗരസഭ കൂടാതെ കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകൾ പൂർണമായും ചെട്ടികുളങ്ങരയുടെ ഒന്ന് മുതൽ 10വരെ വാർഡും പത്തിയൂരിന്റെ ഒരു വാർഡുമാണ് സ്റ്റേഷന്റെ പരിധി. ക്രമസമാധാന പ്രശ്നങ്ങൾ പരിധി വിട്ടതോടെ സ്റ്റേഷൻ വിഭജനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 2018ലും 19ലും രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടും ഫയലിൽ വിശ്രമിക്കുകയാണ്. നിലവിൽ 1.6 ലക്ഷം ജനങ്ങളെ നിയന്ത്രിക്കാൻ കേവലം 60 പൊലീസുകാരെയാണ് സ്റ്റേഷന് നൽകിയിരിക്കുന്നത്. പലകാരണങ്ങളാൽ ഓരോ ദിവസവും ഇതിൽ 20 പേർ ഉണ്ടാകില്ല. 84,000 മാത്രം ജനങ്ങളുള്ള തൊട്ടടുത്ത മാവേലിക്കര സ്റ്റേഷനിലും 60 പൊലീസുകാരുണ്ട് എന്നത് തിരിച്ചറിയുമ്പോഴാണ് ഇവിടുത്തെ സേന നേരിടുന്ന സമ്മർദം തിരിച്ചറിയുന്നത്.
രാഷ്ട്രീയ-കഞ്ചാവ്-മീറ്റർ പലിശ ക്വട്ടേഷൻ സംഘങ്ങളാണ് നഗരത്തിൽ കൂടുതലായും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ക്വട്ടേഷൻ-മയക്കുമരുന്ന് സംഘങ്ങളാണ് കൃഷ്ണപുരത്തുള്ളത്. ദേശത്തിനകം, കുറക്കാവ്, അതിർത്തിച്ചിറ, ഞക്കനാൽ, പുള്ളികണക്ക് എന്നിവിടങ്ങളെല്ലാം കുറ്റവാളി സംഘങ്ങളുടെ ഇടത്താവളങ്ങളാണ്. ഈ വഴി പൊലീസ് പട്രോളിങ് കുറവായത് മാഫിയക്ക് സൗകര്യമാകുന്നതാണ് ഇവിടം താവളമാക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.