ഏത് കെട്ടിടവും ഒറ്റക്ക് പെയിന്റടിക്കും; ഇത് മുരുകൻ സ്റ്റൈൽ
text_fieldsആലപ്പുഴ: വീട് പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ, എത്ര വലിയ കെട്ടിടമായാലും ഒറ്റക്ക് പെയിന്റ് ചെയ്ത് പൂർത്തീകരിച്ച് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകന്റെ (43) വിരുതാണ്.
1996ൽ ബംഗളൂരുവിൽ ജോലി തേടി പോയപ്പോഴാണ് പെയിന്റിങ് ജോലിയിൽ എത്തിപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇവിടെ വെച്ചാണ് ഒരു വീടിന്റെ പെയിന്റിങ് ജോലികളെല്ലാം ഒറ്റക്ക് ചെയ്തുകൂടെ എന്ന ആശയം ഉദിക്കുന്നത്. ഇതുവരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിന്റ് ചെയ്തു. നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി പൂർത്തീകരിച്ചു.
കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. 2000 സ്ക്വയർ ഫീറ്റിന്റെ വീട് പെയിന്റ് ചെയ്യാൻ ഒന്നരമാസം വരെ വേണ്ടി വരും. സാധാരണ വീടിന്റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും.
ജോലി തുടങ്ങുന്നതിന് മുമ്പുതന്നെ താൻ ഒറ്റക്കാണ് പണി ചെയ്യുന്നതെന്നും പൂർത്തീകരിക്കാൻ താമസമുണ്ടാകുമെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തും. അവർ സമ്മതിച്ചാൽ തുക പറഞ്ഞ് ജോലി ഏറ്റെടുക്കുകയാണ് പതിവ്. പെയിന്റ് ചെയ്യാൻ യന്ത്രങ്ങൾ ഉപയോഗിക്കുമെങ്കിലും മറ്റാരുടെയും സഹായം തേടാറില്ല.
ബഹുനില കെട്ടിടങ്ങളുടെ മുകൾ ഭാഗങ്ങൾ പെയിന്റ് ചെയ്യാൻ സുരക്ഷക്കായി കയർ പിടിക്കാനുള്ള സഹായം മാത്രമാണ് തേടിയതെന്നു മുരുകൻ പറയുന്നു. ഭാര്യ ധന്യയുടെയും മക്കളായ വൈഷ്ണവ്, വൈഗയുടെയും പൂർണമായ പിന്തുണയും മുരുകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.