പാർട്ടിക്കാർക്കായി നിയമനം: ആലപ്പുഴയിലും വിവാദം
text_fieldsആലപ്പുഴ: തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ശ്രമിച്ച മേയറുടെ കത്തു വിവാദമായിരിക്കെ, ജില്ലയിലെ പിൻവാതിൽ നിയമനങ്ങളെച്ചൊല്ലിയുള്ള പരാതികളും ചർച്ചയാകുന്നു. കെ.എസ്.ഡി.പിയിൽ വർക്കർ തസ്തികയിലേക്ക് നടത്തിയ നിയമനത്തിൽ സി.പി.എം അനർഹരെ പരിഗണിച്ചെന്ന പരാതി കോടതിയുടെ പരിഗണനയിലാണ്.
52 പേരെയാണ് കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് നിയമിച്ചത്. എസ്.എസ്.എൽ.സി ജയിച്ചവർക്ക് അപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് വർക്കർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ, നിയമിച്ചവരിൽ പലരും പത്താം ക്ലാസ് ജയിച്ചവരാണെന്നാണ് ആരോപണം.
നിയമനം നേടിയവരെല്ലാം സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആണെന്നും ആക്ഷേപം നിലനിൽക്കുന്നു. ഉദ്യോഗാർഥികളുടെ പരാതിയെത്തുടർന്ന് കോടതി റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തെങ്കിലും സ്റ്റേക്ക് മുമ്പുവരെ നടത്തിയ നിയമനത്തിലൂടെ ജോലിക്ക് കയറിയവർ ഇപ്പോഴും തസ്തികയിൽ തുടരുകയാണ്.
കയർഫെഡിലും സി.പി.എം അനുഭാവികളെ പ്രത്യേകം പരിഗണിച്ചെന്നാണ് പരാതി. 10 വർഷം കഴിഞ്ഞ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി തൊഴിലാളികൾ പുറത്തായി. 34 പേരുടെ പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത 24 പേരും സി.പി.എം അനുഭാവികൾ. ബാക്കി ഏഴ് പേരുടെ നിയമനം നടന്നിട്ടില്ല. ഇതു ചോദ്യം ചെയ്ത് തൊഴിലാളികൾ കോടതിയെ സമീപിച്ചിരുന്നു. വിരമിച്ചവരെ വീണ്ടും നിയമിക്കുകയും പാർട്ടിക്കാരെ താൽക്കാലികമായി നിയമിക്കുകയും ചെയ്യുന്നത് തുടരുന്നുണ്ടെന്നാണ് ഐ.എൻ.ടി.യു.സിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.