‘ആടുജീവിതം’ അഭ്രപാളിയിലെത്താൻ മണിക്കൂറുകൾ ബാക്കി; സങ്കടക്കടലിലും നജീബിന് സന്തോഷക്കുളിര്
text_fieldsആറാട്ടുപുഴ: ‘ആടുജീവിതം’ സിനിമ അഭ്രപാളിയിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, നീറുന്ന ഓർമകൾ മാത്രം സമ്മാനിക്കുന്ന മരുഭൂവിലെ ആടുജീവിതം സന്തോഷത്തിന്റെ കുളിരുപകരുന്ന അപൂർവ നിമിഷത്തിലാണ് നജീബ്. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ അനുഭവിച്ചുതീർത്ത ആടുജീവിതത്തിന് മൂന്ന് പതിറ്റാണ്ടിനുശേഷം ഇങ്ങനെയൊരു പരിണതി ഉണ്ടാകുമെന്ന് നജീബ് സ്വപ്നത്തിൽപോലും നിനച്ചിരുന്നില്ല. ജീവിതം ഇപ്പോഴും ഗതികേടിലാണെങ്കിലും മലയാളികളുടെ മനസ്സിൽ അതിജീവനത്തിന്റെ അടയാളമാണ് നജീബ്. നജീബിനെ അറിയാത്ത മലയാളികൾ വിരളമായിരിക്കും. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നജീബ് താരമായി. നൂറുകണക്കിനാളുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആറാട്ടുപുഴയിലെ തറയിൽ വീട്ടിലെത്തുന്നത്. വരുന്ന ഫോൺ കാളുകൾക്കും കണക്കില്ല.
തന്റെ നിത്യവൃത്തിപോലും തടസ്സമാകുന്ന തരത്തിലേക്ക് പ്രശസ്തി മാറി. പ്രമുഖ ചാനലുകളിലടക്കം നൽകിയ ഇന്റർവ്യൂവിന് കൈയും കണക്കുമില്ല. ദശലക്ഷക്കണക്കിന് മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു. ലോക കേരള സഭയിൽ പ്രവാസി മലയാളികളുടെ പ്രതിനിധിയാകാനും മലയാളസിനിമയിലെ പ്രമുഖർ സംബന്ധിക്കുന്ന വേദിയിൽ വിശിഷ്ട അതിഥിയാകാനും ഭാഗ്യമുണ്ടായി. ആടുജീവിതം തനിക്ക് ഇപ്പോൾ സന്തോഷവും സമ്മാനിച്ചതായി നജീബ് പറയുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാഴാഴ്ച ‘ആടുജീവിതം’ റിലീസ് ചെയ്യും. വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ബെന്യാമിന്റെ ആടുജീവിതം കഥയിലെ നജീബിനെ ആർക്കും ഓർക്കാൻ കഴിയില്ല. സിനിമയിൽ പൃഥ്വിരാജ് നജീബായി ജീവിക്കുകയായിരുന്നു. നജീബ് അനുഭവിച്ച ആടുജീവിതം ദൃശ്യവത്കരിക്കുമ്പോൾ വായിച്ചറിഞ്ഞതിനെക്കാൾ തീവ്രതയിൽ അത് മലയാളികളുടെ മനസ്സിൽ വേദന പടർത്തുമെന്നത് തീർച്ചയാണ്.
സൗദിയിലെ ഏതോ ഒരു മരുഭൂവിൽ ആരുമറിയാതെ ഒടുങ്ങിപ്പോകേണ്ട നജീബിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവുപോലെ അത്ഭുതമാണ് നജീബിന്റെ ജീവിതത്തിൽ ഇപ്പോഴുണ്ടായ പ്രശസ്തിയും. മത്സ്യത്തൊഴിലാളിയായ നജീബ് ചുട്ടുപൊള്ളുന്ന വെയിലിൽ പകലന്തിയോളം പണിയെടുത്താണ് നിത്യജീവിതത്തിന് വക കണ്ടെത്തുന്നത്. നജീബ് തന്റെ കഷ്ടപ്പാടുകൾ ആരോടും പങ്കുവെക്കാറില്ല. സ്വന്തമായി വഴിയില്ലാത്ത, അഞ്ചുസെൻറ് സ്ഥലവും അതിലൊരു വീടുമാണ് ആകെയുള്ള സമ്പാദ്യം. ‘ആടുജീവിതം’ സിനിമ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾക്കുകൂടി പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
മരുഭൂമിയിൽ താൻ കരഞ്ഞുതീർത്തതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം ഒന്നാമത്തെ ദിവസംതന്നെ ഭാര്യ സഫിയത്തിനും മകൻ സഫീറിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം കാണാൻ തയാറെടുത്തിരിക്കുമ്പോഴാണ് പേരക്കുട്ടിയുടെ പെട്ടെന്നുള്ള വിയോഗം സങ്കടം തീർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.