ആംബുലൻസ് ഓടാതെ ഷെഡിൽ; നെട്ടോട്ടമോടി തീരവാസികൾ
text_fieldsആറാട്ടുപുഴ: അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ലഭിക്കാതെ തീരവാസികൾ നെട്ടോട്ടമോടുമ്പോൾ ആശുപത്രി വളപ്പിൽ തകരാറില്ലാത്ത ആംബുലൻസ് ഓടാതെ കിടന്നു നശിക്കുന്നു. തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ അലംഭാവം മൂലം തീരവാസികൾക്ക് ആംബുലൻസിന്റെ സേവനം നഷ്ടമാകുന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരവാസികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ആംബുലൻസ് സർവിസ് നിലച്ചിട്ട് മൂന്നുമാസത്തിലേറെയായെങ്കിലും പുനരാരംഭിക്കാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് 108 ആംബുലൻസിന്റെ സേവനം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ മാത്രമാണുള്ളത്. 24 മണിക്കൂറും സർവിസ് വേണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് എം.പി ഫണ്ടിൽനിന്ന് തൃക്കുന്നപ്പുഴക്ക് ആംബുലൻസ് അനുവദിച്ചത്. രണ്ട് ഡ്രൈവർമാരെ നിയമിച്ച് സർവിസ് ആരംഭിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ ഡ്രൈവർമാർ ആശുപത്രി അധികൃതരുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതി ഉയർന്നു. മെഡിക്കൽ ഓഫിസർ നടത്തിയ പരിശോധനയിൽ ഓട്ടത്തിന്റെ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണക്കിൽ ഗുരുതര ക്രമക്കേട് വരുത്തിയതായും കണ്ടെത്തി. തുടർന്ന് ഡ്രൈവർമാരെ പിരിച്ചുവിട്ട് സർവിസ് നിർത്തിവെക്കുകയായിരുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. മുമ്പ് തൃക്കുന്നപ്പുഴയിൽ ഉണ്ടായിരുന്ന ജീപ്പ് ഉപയോഗശൂന്യമായതിനെത്തുടർന്ന് ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലികമായി സ്ഥലംമാറ്റിയിരുന്നു. ആംബുലൻസ് സർവിസ് പുനരാരംഭിക്കാൻ ഇയാളെ തിരിച്ചു വിളിക്കാൻ അടുത്തിടെ തീരുമാനമായി. എന്നാൽ, രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ ഡ്രൈവറുടെ സേവനം ലഭ്യമാകുകയുള്ളൂ. സർക്കാർ ആംബുലൻസ് കിലോമീറ്റർ 15 രൂപ ഈടാക്കുമ്പോൾ സ്വകാര്യ ആംബുലൻസുകൾ 20 മുതൽ 22 രൂപ വരെയാണ് കിലോമീറ്ററിന് ഈടാക്കുന്നത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് ആശുപത്രി വളപ്പിൽ ആർക്കും ഉപകാരപ്പെടാതെ നശിക്കുമ്പോഴാണ് ജനങ്ങൾക്ക് ഈ ദുർഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.