റോഡ് കടലെടുത്തു; ആശുപത്രിയിലെത്താൻ അപകടപാത താണ്ടണം
text_fieldsആറാട്ടുപുഴ: രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിലെത്താൻ അപകട പാത സാഹസികമായി താണ്ടിക്കടക്കണം. ജാഗ്രതക്കുറവുണ്ടായാൽ ജീവൻ തന്നെ നഷ്ടമായേക്കാം. കടലാക്രമണം മൂലം ആശുപത്രിയിലേക്കുള്ള റോഡ് തകർന്നതാണ് കടുത്ത ദുരിതം തീർത്തിരിക്കുന്നത്.
വലിയഴീക്കൽ-തൃക്കുന്നപ്പുഴ റോഡിൽനിന്നും ബസ് സ്റ്റാൻഡിന് തെക്കുവശമുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കയറുന്ന റോഡാണ് ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ പൂർണമായി തകർന്നത്. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും സാഹസികമായി മാത്രമേ കടന്നുപോകാൻ കഴിയു.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള ഭാഗം കടലാക്രമണം ഏറെ അപകടം വിതക്കുന്ന മേഖലയാണ്. കടലിനോട് ഏറെ അടുത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. കടലാക്രമണ സമയങ്ങളിൽ റോഡിൽ തിരമാല പതിക്കുന്നതിനാൽ ഇതുവഴി വാഹനങ്ങളിലും കാൽനടയായുമുള്ള യാത്ര അപകടം നിറഞ്ഞതാണ്. റോഡ് തകർന്നതോടെ വാഹനത്തിൽ ആശുപത്രിയിലെത്താൻ കഴിയാത്ത അവസ്ഥയായി. വളരെ അകലെ വാഹനങ്ങൾ പാർക്ക് ചെയ്താണ് ജീവനക്കാരും രോഗികളും കാൽനടയായി ആശുപത്രിയിൽ എത്തുന്നത്. 200 മീറ്ററോളം ദൂരം അപകടം പതിയിരിക്കുന്ന റോഡിലൂടെ സഞ്ചരിച്ചെങ്കിൽ മാത്രമേ ആശുപത്രിയിൽ എത്താൻ കഴിയു. കുട്ടികളും വയോധികരുമാണ് ഏറെ പ്രയാസപ്പെടുന്നത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് കാൽനടയായി പോയ ഡോ. അരുൺ തിരയിൽപെട്ട് റോഡരികിലെ കുഴിയിൽ വീണ് പരിക്ക് പറ്റിയിരുന്നു.
ദിവസവും നിരവധി പേർക്കാണ് തിരമാലയിൽപെട്ട് പരിക്കേൽക്കുന്നത്. ആശുപത്രിയിലെത്താൻ മറ്റ് സുരക്ഷിതമായ വഴികളില്ലാത്തതിനാൽ പ്രയാസം ഇരട്ടിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.