'ആടുജീവിത'വും 'പത്തൊമ്പതാം നൂറ്റാണ്ടും' സിനിമയാകുമ്പോൾ ആറാട്ടുപുഴ സൂപ്പർ ഹിറ്റ്
text_fieldsആറാട്ടുപുഴ: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകൾ അഭ്രപാളിയിൽ എത്തുമ്പോൾ ആറാട്ടുപുഴയെന്ന തീരദേശഗ്രാമം സൂപ്പർ ഹിറ്റാകും. ഈ നാട്ടുകാരായ രണ്ടുപേരുടെ ജീവിതമാണ് ഈ സിനിമകളുടെ പ്രമേയം. ചരിത്രപുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചാണ് ഒരു സിനിമയെങ്കിൽ ചരിത്രം തിരുത്തിക്കുറിച്ച ബെന്യാമിെൻറ ആടുജീവിതം നോവലിലെ നായകൻ നജീബിെൻറ ദുരിതജീവിതത്തിെൻറ ദൃശ്യാവിഷ്കാരമാണ് രണ്ടാമത്തേത്.
വേലായുധപ്പണിക്കരും നജീബും തമ്മിൽ ഒന്നര നൂറ്റാണ്ടിെൻറ വ്യത്യാസമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഇരുവരും വളരെ അടുത്തുള്ളവരാണ്. മംഗലത്തെ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരിൽ തറവാട്ടിൽനിന്ന് 700 മീറ്റർ മാത്രം ദൂരമേയുള്ളൂ നാട്ടുകാർ ഷുക്കൂർ എന്ന് വിളിക്കുന്ന തറയിൽ വീട്ടിൽ നജീബിെൻറ വീട്. മലയാള സിനിമയുടെ ചരിത്രത്തിൽ അപൂർവമായിരിക്കാം ഒരേ ദേശത്തുനിന്നുള്ള രണ്ടുപേർ ഒരേസമയം മുഖ്യകഥാപാത്രങ്ങളാകുന്നത്.
ജീവിതം കരപറ്റിക്കാൻ ഗൾഫ് മോഹവുമായി കടൽകടന്ന നജീബ് അവിചാരിതമായി എത്തപ്പെട്ട സൗദിയുടെ വന്യമായ മരുഭൂമിയിൽ അനുഭവിച്ചുതീർത്ത ജീവിതമുഹൂർത്തങ്ങളാണ് ആടുജീവിതം എന്ന നോവൽ. വായനക്കാരുടെ മനസ്സിെൻറ വിങ്ങലായി മാറിയ നജീബിനെ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസിയാണ് തിരശ്ശീലയിലേക്ക് പകർത്തുന്നത്. സിനിമയുടെ ഭൂരിഭാഗം ഷൂട്ടിങ്ങും ജോർഡനിലെ മരുഭൂമിയിൽ പൂർത്തീകരിച്ച് കഴിഞ്ഞു. പൃഥ്വിരാജിെൻറ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ആടുജീവിതത്തിലെ നജീബ്. അമല പോളാണ് നായികവേഷത്തില് എത്തുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. ശരീരഭാരം 30 കിലോവരെ കുറച്ചാണ് പൃഥ്വിരാജ് വേഷമിടുന്നത്. ഈ വർഷം ആടുജീവിതം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ശ്രീനാരായണ ഗുരുവിെൻറ ജനനത്തിന് 31 വർഷം മുമ്പ് (1825) ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടചരിത്രങ്ങൾ അടുത്ത കാലത്താണ് ലോകം തിരിച്ചറിഞ്ഞത്. ജാതി അസമത്വങ്ങൾക്കെതിരെ തുല്യതയില്ലാത്ത പോരാട്ടം നയിച്ച വേലായുധപ്പണിക്കരുടെ ഇതിഹാസതുല്യമായ ജീവിതത്തിെൻറ ദൃശ്യാവിഷ്കാരമാണ് വിനയൻ പ്രഖ്യാപിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്മാണ്ഡചിത്രം. വേലായുധപ്പണിക്കർക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ കായംകുളം കൊച്ചുണ്ണിയും മാറുമറക്കൽ സമര നായിക നങ്ങേലിയുമൊക്കെ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ നായകനെ ഉടൻ പ്രഖ്യാപിക്കും. തെൻറ സ്വപ്ന പദ്ധതിയാണ് ഇതെന്നാണ് വിനയൻ പറയുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് പ്രതിസന്ധി മാറിയാൽ ഈ വർഷംതന്നെ തിയറ്ററുകളിലെത്തും.
പോരാട്ടവീര്യവും ആവേശവും പകർന്ന് നൽകുന്നതാണ് വേലായുധപ്പണിക്കരുടെ ചിത്രമെങ്കിൽ മലയാളിയുടെ മനസ്സിൽ നൊമ്പരം തീർക്കുന്നതാണ് നജീബിെൻറ കഥാപാത്രം.
നജീബ് പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലുണ്ട്. താൻ അനുഭവിച്ച് തീർത്ത ജീവിതം അഭ്രപാളിയിൽ കാണാനുള്ള ജിജ്ഞാസയിലാണ് അേദ്ദഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.