ആറാട്ടുപുഴ-തൃക്കുന്നപ്പുഴ റോഡ്; ദുരിതയാത്രക്ക് പരിഹാരമായില്ല
text_fieldsആറാട്ടുപുഴ: കുഴികൾ നിറഞ്ഞ ആറാട്ടുപുഴ-വലിയഴീക്കൽ റോഡിലെ ദുരിതയാത്രക്ക് മാസങ്ങളായിട്ടും പരിഹാരമായില്ല. റോഡ് പുനർനിർമിക്കാനുള്ള നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ബസ്സ്റ്റാൻഡ് ഭാഗത്ത് യാത്രക്കാർക്ക് ഭീഷണിയായി മാറിയ റോഡരികിലെ ഗർത്തങ്ങൾ ഒഴിവാക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായിട്ടുണ്ട്. റോഡുപണി ഉടൻ ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ആറാട്ടുപുഴ മുതൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര ജങ്ഷന് തെക്ക് ഭാഗം വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം റോഡാണ് മാസങ്ങളായി തകർച്ച നേരിടുന്നത്.
വലിയഴീക്കൽ പാലം വരുകയും പ്രദേശം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തതോടെ തീരദേശ റോഡിലെ തിരക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.
2016 ജനുവരിയിലാണ് അഞ്ചരക്കോടി രൂപ ചെലവഴിച്ച് തീരദേശ റോഡ് അവസാനമായി പുനർനിർമിച്ചത്. 2020ൽ റോഡിെൻറ ഗ്യാരന്റി കാലാവധി അവസാനിച്ചെങ്കിലും പുനർനിർമാണം ഭാഗികമായാണ് നടന്നത്. തൃക്കുന്നപ്പുഴ മുതൽ പതിയാങ്കരക്ക് തെക്ക് ഭാഗം വരെയുള്ള രണ്ടര കിലോമീറ്ററാണ് മാസങ്ങൾക്ക് മുമ്പ് പുനർനിർമിച്ചത്.
കൂടുതൽ തകർച്ച ഉണ്ടായ സ്ഥലമെന്നതിനാലാണ് ഈ ഭാഗം ആദ്യം പരിഗണിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് വർഷത്തിലേറെയായി നടക്കുന്ന പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് വലിയ ഭാരം വഹിച്ചുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതോടെ റോഡ് തകർച്ച വേഗത്തിലായി. എം.ഇ.എസ് ജങ്ഷനിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി പേർക്കാണ് പരിക്കേറ്റത്. എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഈ ഭാഗത്തെ അറ്റകുറ്റപ്പണി വൈകിയതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. 93 ലക്ഷം രൂപ റോഡിന്റെ പുനർനിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.