ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല; വലഞ്ഞ് രോഗികൾ
text_fieldsആറാട്ടുപുഴ: കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി എത്തുന്ന രോഗികൾ വലയുന്നു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് കാരണം. അടുത്തിടെയുണ്ടായ സ്ഥലംമാറ്റത്തോടെയാണ് പ്രതിസന്ധിയുണ്ടായത്. മാസങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരം വൈകുകയാണ്.
രണ്ടുമാസം മുമ്പാണ് ഇവിടെ ഉണ്ടായിരുന്ന നാല് ഡോക്ടർമാരും സ്ഥലംമാറ്റം ലഭിച്ച് പോയത്. പകരം നാലുപേരെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാൾ ഉപരിപഠനത്തിനായി പോയി. മറ്റൊരാൾ അവധിയിലുമാണ്. രണ്ടു ഡോക്ടർമാർ മാത്രമാണ് ശേഷിക്കുന്നത്. ഇവിടെ ഒ.പിയിൽ ദിവസവും 200ലധികം രോഗികളെത്താറുണ്ട്. പ്രതിരോധ കുത്തിവെപ്പുകളും ഇതര ഡ്യൂട്ടിയും മീറ്റിങ്ങുകളും ഉള്ളതിനാൽ ഫലത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമേ അധിക ദിവസങ്ങളിലും ഉണ്ടാകാറുള്ളൂ.
ഡോക്ടർമാരുടെ അഭാവം മൂലം ചികിത്സ കിട്ടാൻ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. ഇത് പലപ്പോഴും ബഹളത്തിന് കാരണമാകുന്നു. പനിയും ചെങ്കണ്ണ് രോഗവും വ്യാപകമായതോടെ രോഗികളുടെ എണ്ണം കൂടുതലാണ്. അവശരായെത്തുന്ന രോഗികളും വയോധികരും കുഞ്ഞുങ്ങളുമായി എത്തുന്നവരുമാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഡോക്ടർമാർ അവധിയെടുക്കുന്ന ദിവസങ്ങളിലും ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റും.
ഇൻസുലിന്റെയും ഹൃദ്രോഹികൾക്കുള്ള മരുന്നിന്റെ അഭാവം ഉണ്ടെന്ന് രോഗികൾ പറയുന്നു. ഇ-ഹെൽത്ത് സംവിധാനം ആശുപത്രിയിൽ നടപ്പാക്കിയിട്ടുണ്ട്. സംവിധാനം ഉപയോഗിക്കുന്നതിൽ ജീവനക്കാർക്കുള്ള പരിചയക്കുറവും കാലതാമസം വരുത്തുന്നതായി പരാതിയുണ്ട്. ചികിത്സ തേടിയെത്തുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.