പല്ലന ഗ്രാമത്തിന് കാവ്യസൗന്ദര്യം പകർന്ന് ആശാൻ സ്മൃതിമണ്ഡപം
text_fieldsആറാട്ടുപുഴ: മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന ഗ്രാമം യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമാണ്. പല്ലനയാറിന്റെ തീരത്ത് സ്ഥാപിച്ച കുമാരനാശാൻ സ്മാരകമാണ് മുഖ്യആകർഷണം. പല്ലനയാറിന്റെ മനോഹാരിതയും ഗ്രാമീണഭംഗിക്കും ഒപ്പം സ്നേഹഗായകന്റെ കാവ്യജീവിതത്തിലേക്കുള്ള സഞ്ചാരംകൂടി ഇവിടേക്കുള്ള യാത്ര ഹൃദ്യമാക്കുന്നു. മഹാകവി കുമാരനാശാന്റെ കാവ്യജീവിതത്തിന് അന്ത്യം കുറിച്ച റെഡീമർ ബോട്ടപകടം നടന്ന സ്ഥലമാണ് പല്ലനയാർ. ആറിന് കുറുകെ ഏതാനും വർഷം മുമ്പ് നിർമിച്ച പാലം ദേശീയപാതയിൽ നിന്നും ഇവിടേക്കുള്ള യാത്ര എളുപ്പമാക്കുന്നു.
കുമാരനാശാൻ മലയാള കവിതാലോകത്ത് നിറസാന്നിധ്യമായി നിൽക്കുന്ന കാലത്താണ് 1924 ജനുവരി 16ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ബോട്ട് മറിഞ്ഞ് അപകടത്തിൽ മരിച്ചത്. പല്ലനയാറിന്റെ കരയിൽതന്നെ ആശാന്റെ ഭൗതികശരീരം സംസ്കരിച്ചു.
പിന്നീട് ഈ സ്ഥലം കുമാരകോടി എന്ന് അറിയപ്പെട്ടു. 1976ൽ നിർമിച്ച ആദ്യ സ്മാരകം പൊളിച്ചുനീക്കിയാണ് 2019 ജൂണിൽ ടൂറിസം വകുപ്പ് ആധുനികരീതിയിലെ ആശാൻ സ്മൃതിമണ്ഡപം നിർമിച്ചത്. കെട്ടിടത്തിന് മുൻവശം തൂലികയുടെ ആകൃതിയിലാണ്.
ഇതിനുള്ളിലാണ് ആശാന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്. 'കരുണ', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥ', 'ചിന്താവിഷ്ടയായ സീത' തുടങ്ങിയവ പശ്ചാത്തലമാക്കിയുള്ള ശിൽപാവിഷ്കാരവും സ്മാരകത്തിലുണ്ട്. ആശാന്റെ കവിതകളുടെ ശബ്ദവീചികളും സന്ദർശകർക്ക് കേൾക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുമാരനാശാൻ അപകടത്തിൽ മരിച്ച ബോട്ടിലെ ചില ഭാഗങ്ങളും ഇവിടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ പല്ലനയാറിന് തീരത്ത് മനോഹരമായ ഇരിപ്പിടങ്ങളും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. റോഡ് മാർഗവും ജലമാർഗവും സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. വിനോദസഞ്ചാരികളുടെയും സാഹിത്യപ്രേമികളുടെയും ഇഷ്ട ഇടമാണ് സ്നേഹകവിയുടെ ഓർമകൾ ഉറങ്ങുന്ന ഈ മണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.