ആറാട്ടുപുഴയിൽ ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴയിൽ ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം. ഒരാൾക്ക് വെട്ടേറ്റു. 13കാരനടടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കിഴക്കേക്കര ചൂളത്തെരുവിൽ പുത്തൻ കണ്ടത്തിൽ ലിജോ രാജൻ (32), താഴ്ചയിൽ ബിനോയി (വർഗീസ്) എന്നിവരുടെ വീടുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ലിജോ രാജന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ലിജോ രാജൻ, ഭാര്യ ഷീന (24), സുഹൃത്ത് സോബിൻ (25), ബിനോയി (42) എന്നിവർക്കും 13 വയസ്സുകാരനുമാണ് പരിക്കേറ്റത്. പ്രദേശത്തെ ഏതാനും പേർ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുകഞ്ഞുനിന്ന പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേരുൾപ്പെടെ എട്ടു പേർക്കെതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ആരോപണം ഡി.വൈ.എഫ്.ഐ നിഷേധിച്ചു.
ബിനോയിയുടെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ജനൽപാളികൾ തല്ലിയുടച്ചു. ശബ്ദം കേട്ട് അയൽവാസി ലിജോ രാജനും സോബിനും ഇവിടെയെത്തി ആക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, സംഘം ഇവർക്കുനേരെ ആക്രമണത്തിനൊരുങ്ങി. ഭയന്നോടിയെങ്കിലും ഇവരെ പിന്തുടർന്നെത്തി വീട് തല്ലിത്തകർക്കുകയും ആക്രമിക്കുകയുമായിരുന്നു. ലിജോ രാജന്റെ വീടിന്റെ ഏഴു ജനൽപാളികൾ ഉടച്ചു. നാലു കസേരയുൾപ്പെടെയുള്ള വീട്ടുപകരണങ്ങളും നശിപ്പിച്ചു. പോർച്ചിലിരുന്ന രണ്ടു ബൈക്കുകളും സ്കൂട്ടറും തകർക്കുകയും ചെയ്തു. മുൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് ലിജോ രാജൻ, ഷീന, സോബിൻ എന്നിവരെ ആക്രമിച്ചത്. വെട്ടേറ്റ ലിജോ രാജന്റെ ഇടതു കൈപ്പത്തിക്കു മുകളിൽ നാലു തുന്നലുണ്ട്. സോബിന്റെ ഇടതു കൈക്കുൾപ്പെടെ സാരമായ പരിക്കേറ്റു. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ബൈക്കുകളിലെത്തിയ പതിനാറോളം പേരാണ് അക്രമം നടത്തിയത്. ഇതിൽ ഒരാളൊഴികെയുള്ളവർ ഹെൽമറ്റും മുഖാവരണവും ധരിച്ചിരുന്നതായി പരിക്കേറ്റവർ പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. ആക്രമികളെ തിരിച്ചറിയാൻ സി.സി ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.
അടുത്തിടെ 13 ക്രൈസ്തവ കുടുംബം പാർട്ടിയിൽ ചേർന്നെന്നും അന്നു മുതൽ അസ്വസ്ഥരായ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ബി.ജെ.പി കാർത്തികപ്പളളി മണ്ഡലം പ്രസിഡന്റ് എം. മഹേഷ് കുമാർ ആരോപിച്ചു. എന്നാൽ, ആക്രമണവുമായി ഒരു ബന്ധവും ഡി.വൈ.എഫ്.ഐക്കില്ലെന്ന് കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി.എ. അഖിൽ അറിയിച്ചു. പ്രാദേശികമായി നടന്ന സംഭവം ഡി.വൈ.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.