തിരമാലകൾക്ക് മുന്നിൽ നിസ്സഹായരായി തീരവാസികൾ
text_fieldsആറാട്ടുപുഴ: തീരത്തെയാകെ ദുരിതത്തിലാക്കി കടൽക്ഷോഭം നാശം വിതക്കുന്നത് തുടരുകയാണ്. കലങ്ങിമറിഞ്ഞ് ആർത്തിരമ്പുന്ന തിരമാലകൾക്ക് മുന്നിൽ ഭയന്ന് വിറക്കുകയാണ് തീരവാസികൾ. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും രണ്ടാഴ്ചയിലേറെയായി തുടരുന്ന കടൽക്ഷോഭം ഓരോ ദിവസവും കൂടുതൽ ശക്തിപ്രാപിക്കുകയാണ്.
തുടക്കത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് അപകടകരമായ അവസ്ഥ നിലനിന്നിരുന്നതെങ്കിൽ കടൽ ശക്തിപ്രാപിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ദുരിതം വ്യാപിക്കുകയാണ്. നിരവധി പേരാണ് വീടുവിട്ട് ബന്ധുവീടുകളിലേക്ക് പോയത്. ഭയന്ന് വിറക്കുകയാണ് തീരം.
തീരദേശറോഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കിലോമീറ്റർ ദൂരത്തിലാണ് കരയിലേക്ക് അടിച്ചുകയറിയ വെള്ളം കെട്ടിനിൽക്കുന്നത്. അധിക സ്ഥലങ്ങളിലും റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ട് ഒഴുകുന്നുണ്ട്. നിരവധി വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. കച്ചവട സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
വലിയഴീക്കൽ, പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, ബസ്സ്റ്റാൻഡ് മുതൽ കാർത്തിക ജങ്ഷൻവരെയുള്ള ഭാഗം, പത്തിശേരിൽ ജങ്ഷൻ, മംഗലം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം ജങ്ഷൻ, ചേലക്കാട്, പാനൂർ, പല്ലന എന്നിവിടങ്ങളിലെല്ലാം കടൽ ക്ഷോഭത്തിന്‍റെ കെടുതികളുണ്ടായി.
തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടങ്ങളിലും മണ്ണിനടിയിലായി. പെരുമ്പള്ളി വീടും റോഡും കച്ചവട സ്ഥാപനങ്ങളുമെല്ലാം കടലെടുക്കാവുന്ന അവസ്ഥയിലാണ്.റവന്യൂ അധികൃതർ ദുരിത മേഖല സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. എം.ഇ.എസ് ജങ്ഷൻ, വലിയഴീക്കൽ, പ്രണവം നഗർ എന്നിവിടങ്ങളിൽ തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.