തൃക്കുന്നപ്പുഴയിലെ പാലം പൊളിക്കൽ; പരീക്ഷണ ഓട്ടത്തിനും ദുരിതത്തിനും തുടക്കം
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ ചീപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പാലം പൊളിക്കുന്നതിന് മുന്നോടിയായി കാർത്തികപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലെ ഗതാഗതം തടഞ്ഞു. ഒരാഴ്ച പരീക്ഷണയോട്ടം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും പാലം പൊളിക്കുക. ഗതാഗതം തടഞ്ഞതോടെ കടുത്ത ദുരിതമാണ് തിങ്കളാഴ്ച യാത്രക്കാർ അനുഭവിച്ചത്.
പരീക്ഷണ സർവിസിനാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പാലത്തിൽ ഗതാഗതം നിരോധിച്ചത്. സ്കൂൾ വണ്ടികൾ എല്ലാം പോയി കഴിഞ്ഞതിനുശേഷം പാലത്തിന്റെ ഇരുവശങ്ങളിലും റോഡിന് കുറുകെ മണൽ ചാക്ക് അടുക്കിവെച്ചു. പാലത്തിന് തെക്കുഭാഗത്തായി ഇറിഗേഷൻ വകുപ്പ് സജ്ജീകരിച്ച ജങ്കാർ സർവിസ് ആരംഭിച്ചു.
കാൽനടക്കാരെയും സ്കൂൾ വാനുകൾ, ആംബുലൻസുകൾ, കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ നിലവിലെ പാലത്തിന്റെ തെക്കുഭാഗത്ത് ഇറിഗേഷൻവകുപ്പ് സജ്ജമാക്കിയ ജങ്കാർ സർവിസ് വഴി മറുകരകളിൽ എത്തിക്കും. ബസും ലോറിയും പാലത്തിന്റെ ഇരുവശത്തുമായി യാത്ര അവസാനിപ്പിക്കാനാണ് നിർദേശം.
ജങ്കാർ കടക്കാൻ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇരുചക്രവാഹനങ്ങൾകൊണ്ട് ജങ്കാറിന്റെ അധിക സ്ഥലവും നിറയുന്നതിനാൽ മറ്റ് വാഹനങ്ങൾ കയറാൻ ഇടമില്ലാതെ അധികനേരം കാത്തുകിടക്കേണ്ടി വരുന്നു. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്. ജങ്കാറിനെ ആശ്രയിച്ചാൽ സ്കൂളുകളിൽ കുട്ടികളെ കൃത്യസമയത്ത് എത്താൻ കഴിയുമോ എന്ന ആശങ്ക ഡ്രൈവർമാർക്കുണ്ട്.
450 ദിവസത്തിനകം പാലം പൂർത്തിയാക്കാനാണ് നീക്കം. അതുവരെ കാർത്തികപ്പള്ളിയിൽനിന്ന് തൃക്കുന്നപ്പുഴയിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടില്ല.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ആറാട്ടുപുഴ: തൃക്കുന്നപ്പുഴയിലേക്കുള്ള വലിയ വാഹനങ്ങൾ മുതുകുളത്തുനിന്ന് കൊച്ചീടെ ജെട്ടി പാലം വഴിയോ കരുവാറ്റ- കുമാരകോടി റോഡിലൂടെയോ എത്തണം.
തൃക്കുന്നപ്പുഴ കടന്ന് ആറാട്ടുപുഴയിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ ഹരിപ്പാടുനിന്ന് ദേശീയപാതയിലൂടെ കരുവാറ്റയിലെത്തി പല്ലന കുമാരകോടി പാലംവഴി പോകണം. ജങ്കാർ ഫലപ്രദമായില്ലെങ്കിൽ കിലോമീറ്ററുകൾ അധികം സഞ്ചരിച്ചെങ്കിൽ മാത്രമേ അധികപേർക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയൂ. നിലവിലെ അവസ്ഥ വിലയിരുത്തിയാൽ പാലം നിർമാണം തീരുന്നതുവരെ കടുത്ത ദുരിതം പേറേണ്ടിവരും.
വ്യാപാരികൾ ആശങ്കയിലും സങ്കടത്തിലും
ആറാട്ടുപുഴ: ഗതാഗതം നിരോധിച്ചതോടെ തൃക്കുന്നപ്പുഴ ജങ്നിലെ വ്യാപാരികൾ ആശങ്കയിലും സങ്കടത്തിലുമാണ്. ബദൽ യാത്ര സംവിധാനം പ്രാവർത്തികമായതോടെ യാത്രക്കാർക്ക് തൃക്കുന്നപ്പുഴ ജങ്ഷനിൽ തങ്ങേണ്ട സാഹചര്യം ഇല്ലാതായി. ഒന്നര വർഷക്കാലത്തോളം കടയിൽ ആളെത്താത്തത് അവരുടെ കച്ചവടത്തെ ഗുരുതരമായി ബാധിക്കും.
നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി മുന്നിൽകണ്ടാണ് പാലംപണി സമയബന്ധിതമായി പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയത്. 450 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് അധികാരികൾ നൽകിയ ഉറപ്പിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് അവർ.
2018 ആഗസ്റ്റിൽ ആരംഭിച്ച തൃക്കുന്നപ്പുഴ ചീപ്പിന്റെ നവീകരണ പ്രവർത്തനങ്ങൾ 2022 മാർച്ചിലായിരുന്നു പൂർത്തീകരിക്കേണ്ടിയിരുന്നത്. ഷട്ടർ ലോക്കിന്റെ നാല് തൂണുകളുടെ നിർമാണം മാത്രമേ ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളൂ. ആകെ പ്രവൃത്തിയുടെ 46 ശതമാനം മാത്രമാണിത്. തുടർപ്രവർത്തനങ്ങളിലും ഈ കാലതാമസം ആവർത്തിക്കുമെന്ന ആശങ്കയാണ് യാത്രക്കാരുടെയും കച്ചവടക്കാരുടെയും ഭീതി വർധിപ്പിക്കുന്നത്.
തിങ്കളാഴ്ച ആരംഭിച്ച പരീക്ഷണ സർവിസിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പാലം പൊളിക്കാനാണ് ഇറിഗേഷൻ വകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.