തീരദേശ ഹൈവേ നിർമാണം: കുടിയൊഴിപ്പിക്കുന്നവർക്ക് സി.ആർ.ഇസഡ് കുരുക്കാകും
text_fieldsആറാട്ടുപുഴ: തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശപാത തീരദേശ ഹൈവേയായി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചഘട്ടത്തിൽ റോഡിന് വേണ്ടി കുടി ഒഴിയേണ്ടി വരുന്നവരുടെ ആശങ്കകൾ ഏറെ.
ഭൂമിശാസ്ത്രപരമായി ഒട്ടേറെ പരിമിതികൾ ഉള്ള തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ജീവനോപാധികളും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിന് പ്രതിസന്ധികൾ ഏറെയാണ്. തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്) അടക്കമുള്ള കാര്യങ്ങൾ ഇവർക്ക് കുരുക്കായി മാറുമെന്നാണ് ആശങ്ക.
ആറാട്ടുപുഴ പഞ്ചായത്തിെൻറ തെക്കേയറ്റമായ വലിയഴീക്കൽ മുതൽ പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിവരെ നീളുന്ന 22.10 കിലോമീറ്റർ തീരദേശ റോഡ് തീരദേശ ഹൈവേയായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 6500 കോടി ചെലവ് വരുന്ന പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയായി. റോഡിെൻറ അതിർത്തി തിരിച്ചുള്ള കല്ലിടൽ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മാന്യമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ പ്രതിഷേധം എങ്ങും ഉണ്ടായിട്ടില്ല. തൃക്കുന്നപ്പുഴയിൽ റോഡ് അലൈൻമെൻറിനെ ചൊല്ലി കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധമാണ് ഇതിനൊരുഅപവാദം.
ആളുകൾക്ക് ആശങ്കകളേറെ
തീരദേശ ഹൈവേ നിർമാണത്തിന് അനുകൂല നിലപാടാണ് ജനങ്ങൾക്ക് ഉള്ളതെങ്കിലും ഒട്ടേറെ ആശങ്കകളും അവർക്കുണ്ട്. റോഡിനായി ജീവനോപാധികളും കിടപ്പാടവും വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനപ്രശ്നം. കടലിലും കായലിനും ഇടയിൽ നാട പോലെ കിടക്കുന്ന പഞ്ചായത്തുകളാണ് തൃക്കുന്നപ്പുഴയും ആറാട്ടുപുഴയും. 50 മുതൽ 500 മീറ്റർ വരെ വീതി മാത്രമാണ് ഏറിയ സ്ഥലത്തും കടലിനും കായലിനും ഇടയിലുള്ളത്.
തീരദേശ പരിപാലന നിയമപ്രകാരം കടലിൽനിന്നും 500 മീറ്റർ പരിധിക്കുള്ളിലും കായലിൽനിന്നും 100 മീറ്റർ പരിധിക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇപ്പോൾ തന്നെ സി.ആർ. ഇസഡ്. പരിധിക്കുള്ളിൽ ആണെന്ന കാരണത്താൽ നമ്പർ ലഭിക്കാതെ ഇവിടെയുള്ളത്.
റോഡിനുവേണ്ടി കച്ചവട സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടുന്നവർക്ക് ശേഷിക്കുന്ന സ്ഥലത്ത് പുതുതായി ഇവ നിർമിക്കാനോ പുതിയ സ്ഥലങ്ങൾ കണ്ടെത്താനോ ഈ നിയമം തടസ്സമാകും
ഭൂവിസ്തൃതിയുടെ കുറവും നിയമത്തിെൻറ വിലക്കും ഉള്ളതിനാൽ ജന്മനാട്ടിൽ സ്ഥലം കണ്ടെത്താൻ കഴിയാതെ റോഡിനുവേണ്ടി കുടിയൊഴിക്കപ്പെടുന്നവരിൽ അധികപേർക്കും നാടുവിട്ടു പോകേണ്ടി വരും. കച്ചവടക്കാർക്കാണ് ഇത് ഏറെ ദുരിതം സൃഷ്ടിക്കുക. വികസനത്തിെൻറ ഇരകളാക്കപ്പെടുന്നവർക്ക് സി.ആർ. ഇസഡ് നിയമത്തിൽ പ്രത്യേക ഇളവ് അനുവദിക്കണമെന്നും റോഡിനുവേണ്ടി നീക്കം ചെയ്യുന്ന കടയുടെയും വീടുകളുടെയും നമ്പറുകൾ പിന്നീട് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ച് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്ഥലപരിമിതിമൂലം സി.ആർ ഇസഡ് പരിധി ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഏറെയാണ്. കടകളും വീടുകളും ഇതിൽപ്പെടും. താൽക്കാലിക നമ്പറുകളാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്.
റോഡിനായി കുടിയൊഴിപ്പിക്കപ്പെടുമ്പോൾ അനധികൃത നിർമാണം എന്നുപറഞ്ഞ് നഷ്ടപരിഹാരത്തിൽനിന്നും ഇത്തരക്കാരെ ഒഴിവാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ വ്യക്തത വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.