തീരപരിപാലന നിയമം ആറാട്ടുപുഴക്കാർക്ക് തീരാ ദുരിതമാകും
text_fieldsആറാട്ടുപുഴ: തീരവാസികളുടെ സുരക്ഷിതത്വവും സുസ്ഥിര വികസനവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച തീരപരിപാലന നിയമത്തിന്റെ കുരുക്കിൽ തീരവാസികളുടെ ജീവിതം വഴിമുട്ടി. കടുത്ത നിയമത്തിൽ ഇളവ് പ്രതീക്ഷിച്ചിരുന്ന ജനങ്ങൾക്ക് നിരാശയും സങ്കടവും വരുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വിജ്ഞാപനം.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ സി.ആർ.ഇസഡ് 3 ബി യിലാണ്. ഇതിൽ കടലിൽനിന്ന് 200 മീറ്ററിന് ശേഷമേ നിർമാണം നടത്താൻ കഴിയൂ. ജനസാന്ദ്രത, സ്ക്വയർ കിലോമീറ്ററിൽ 2161ൽ കൂടുതലുള്ള പഞ്ചായത്തുകളെ സി.ആർ.ഇസഡ് - 3 എയിൽ ഉൾപ്പെടുത്തണമെന്നാണ് നിയമത്തിലുള്ളത്. ഈ നിയമത്തിൽ കടലിൽനിന്ന് 50 മീറ്ററാണ് വീട് നിർമാണത്തിനുള്ള ദൂരപരിധി. തൃക്കുന്നപ്പുഴയിൽ ജനസാന്ദ്രത 2683 ആണെങ്കിലും 2011ന് ശേഷം സർവേ നടത്താത്ത കാരണം പറഞ്ഞാണ് ഇത് നിഷേധിച്ചതത്രെ. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകൾ സി.ആർ.ഇസഡ് - രണ്ടിൽ ഉൾപ്പെടുത്തണം എന്നാണ് പഞ്ചായത്ത് ഒന്നടങ്കം ആവശ്യപ്പെട്ടത്.
കായംകുളം കായലിനും അറബിക്കടലിനും ഇടയിൽ നാടപോലെ കിടക്കുന്ന ആറാട്ടുപുഴയുടെ ഏറിയ ഭാഗവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തീരവാസികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. വീട് വെക്കാനുള്ള അനുമതിയോ ബാങ്കുകളിൽ നിന്ന് വായ്പയോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസും മറ്റ് ആനുകൂല്യങ്ങളും സി.ആർ.ഇസഡ് നിയമത്തിന്റെ പേരിൽ നിഷേധിക്കുന്നു. കടലിനും കായലിനും ഇടയിൽ 50 മുതൽ 500 മീറ്റർ വരെ വീതിയിലാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ ഭൂരിഭാഗവുമുള്ളത്.
തീരപരിപാലന നിയമ പ്രകാരം കടലിൽ നിന്നും കര ഭാഗത്തേക്ക് 200 മീറ്റർ പ്രദേശവും ജലാശയങ്ങളിൽ നിന്നും 100 മീറ്റർ കരപ്രദേശവും വികസന നിഷിദ്ധ മേഖലയായി നിജപ്പെടുത്തിയിരിക്കുകയാണ്. കടകൾ വെക്കുന്നതിന് 500 മീറ്ററാണ് ദൂരപരിധി. ഈ ദൂരപരിധി പരിഗണിക്കുകയാണെങ്കിൽ ആറാട്ടുപുഴക്കാരുടെ ജീവിതം വഴിമുട്ടും.
നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണങ്ങളും പലർക്കും അനുവദിച്ചിട്ടുണ്ടെങ്കിലും നിയമം അനുവദിക്കുന്നില്ല. ലൈഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് പോലും നിയമത്തിൽ ഇളവില്ലാത്തതിനാൽ അവർ നെട്ടോട്ടമോടുകയാണ്. ഉള്ള ദൂരപരിധിക്കുള്ളിൽ വീട് നിർമിച്ചവർക്ക് താൽക്കാലിക വീട്ടുനമ്പരാണ് (യു.എ നമ്പർ) അനുവദിക്കുന്നത്. നിയമത്തിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ജനനിബിഡതയും കണക്കിലെടുത്ത് നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. കേരള സർക്കാറിന്റെ സമയബന്ധിതമായ ഇടപെടൽ ഇല്ലാതെ പോയതാണ് ഇളവുകൾ അനുവദിക്കാതെ പോകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.