കൃഷിഭവന് കാവി തേച്ച് ബി.ജെ.പിയുടെ ശ്രമദാനം; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറം മാറ്റി
text_fieldsആറാട്ടുപുഴ: കൃഷിഭവൻ കെട്ടിടത്തിന് കാവി തേച്ച് ബി.ജെ.പിയുടെ ശ്രമദാനം. കാവിവത്കരണം വിവാദമായതിനെത്തുടർന്ന് നേരം വെളുക്കുന്നതിന് മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിറം മാറ്റി. കാർത്തികപ്പള്ളി കൃഷിഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. കർഷക മോർച്ചയുടെ കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രവർത്തകരാണ് സേവനപ്രവർത്തനമായി കൃഷിഭവൻ കെട്ടിടത്തിന്റെ ചുവരും മതിലും കഴുകി പെയിന്റ് തേച്ച് നൽകാമെന്നും പറഞ്ഞ് കാർത്തികപ്പള്ളി കൃഷിഭവൻ അധികൃതരെ സമീപിച്ചത്.
അവർ അതിന് സമ്മതിക്കുകയും ചെയ്തു. പെയിന്റ് തേക്കുന്ന സമയത്ത് കൃഷിഭവനിലെ ജീവനക്കാർ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് പുറത്തു പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് കാവിയിൽ മുങ്ങിനിൽക്കുന്ന കൃഷിഭവൻ കണ്ടത്. ഇതിനിടെ കൃഷിഭവന്റെ 'കാവിവത്കരണം' വിവാദമാകുകയും പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരടക്കം പലരും രംഗത്ത് വരുകയും ചെയ്തു.
നിറം മാറ്റം ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിനും തലവേദനയായി. സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ ചർച്ചക്ക് നിറം മാറ്റം വഴിതെളിച്ചു. ആർ.എസ്.എസിന്റെ കാര്യാലയമെന്ന നിലയിൽ വിമർശനങ്ങളുയർന്നു. സംഭവം വിവാദമായ ഉടൻ പഞ്ചായത്ത് പ്രസിഡന്റും കൃഷി വകുപ്പ് ജീവനക്കാരും ബി.ജെ.പി പ്രവർത്തകരെ ബന്ധപ്പെട്ട് നിറംമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് മാനക്കേടാകുമെന്ന കാരണം പറഞ്ഞ് ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജബായി പണിക്കാരെ നിർത്തി രാത്രിയിൽ ഐവറി നിറം തേച്ചണ് വിവാദം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.