ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ഇളകി മറിഞ്ഞ് 'ആഴക്കടൽ'
text_fieldsആറാട്ടുപുഴ: ഹരിപ്പാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുുഴ പഞ്ചായത്തുകളിലെ 'ആഴക്കടൽ' ഇളകി മറിയുകയാണ് . മുമ്പെങ്ങുമില്ലാത്ത വിധം തീരദേശ പഞ്ചായത്തുകളിൽ പ്രചാരണത്തിൻ്റെ വേലിയേറ്റമാണ് നടന്നത്. തീരവാസികളുടെ സങ്കടവും ആശങ്കകളും പ്രധാന ചർച്ചാവിഷയമായ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്കെതിരെയാണ് പ്രതിഷേധത്തിൻ്റെ തിരമാല ആഞ്ഞടിക്കുകയെന്ന് പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല.
കാലങ്ങളായി കടലാക്രമണത്തിൻ്റെ നിത്യദുരിതം പേറുന്ന തീരവാസികളുടെ സങ്കടത്തിലും കടലും കരയും വിറ്റഴിക്കാനൊരുങ്ങുന്ന ഭരണകൂട നീക്കത്തെ കുറിച്ചുള്ള ആശങ്കകളിലും തീരത്ത് ജീവിതം പ്രതിസന്ധിയിലാക്കുന്ന സി.ആർ.ഇസഡ് നിയമം തുടങ്ങി തീരമനസിനെ അസ്വസ്ഥപ്പെടുത്തുന്ന കാരണങ്ങൾ ഏറെയാണ്. മൂന്ന് മുന്നണികളും പ്രതിസ്ഥാനത്ത് വരുന്ന വിഷയങ്ങൾ തീരമേഖലയിൽ നിലനിൽക്കുന്നതിനാൽ തീര മനസ് ഒപ്പം കൂട്ടാൻ മുന്നണികൾ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്. മത്സ്യ തൊഴിലാളികൾ ഒട്ടനവധി പ്രതിസന്ധികൾക്ക് നടുവിലൂടെയാണ് കടന്നുപോകുന്നത്. മത്സ്യക്ഷാമം മൂലം ഇവരുടെ തൊഴിൽമേഖല ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. പെരുകിക്കൊണ്ടിരിക്കുന്ന നഷ്ടം മൂലം പണിക്കു പോകാൻ പോലും കഴിയാതെ മത്സ്യബന്ധന യാനങ്ങൾ കരയിലിരിപ്പാണ്.
തീരസംരക്ഷണം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ കിടപ്പാടം നഷ്ടപ്പെടുന്നവർ ഓരോവർഷവും പെരുകുന്നു. തീരദേശ റോഡ് പലയിടത്തും ഗുരുതരമായ കടലാക്രമണ ഭീഷണി നേരിടുന്നു. പുലിമുട്ടിൻ്റെ നിർമാണം ചിലയിടങ്ങളിൽ നടന്നെങ്കിലും ഗുരുതര കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ഇനിയും തീരസംരക്ഷണത്തിന് നടപടി ആയിട്ടില്ല. അതുകൊണ്ടുതന്നെ ചെറുതായൊന്ന് കടൽ ഇളകിയാൽ പോലും ഗതാഗതം മുടങ്ങുന്ന ദുരവസ്ഥ ഇവിടെ കാലങ്ങളായി നിലനിൽക്കുന്നു. തീര സംരക്ഷണത്തിൽ അധികാരികൾ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് വോട്ടു ബഹിഷ്കരണം അടക്കം പ്രതിഷേധങ്ങളുമായി നാട്ടുകാർ രംഗത്തുണ്ട്. കൂടാതെ കായംകുളം തോട്ടപ്പള്ളി പൊഴികൾ ആഴം കൂട്ടുന്നതിൻ്റെ മറവിൽ കരിമണൽ ഖനനം നടത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് തീരവാസികൾ സംശയിക്കുന്നു.
തോട്ടപ്പള്ളിയിലും ആറാട്ടുപുഴയിലും ഇതിനെതിരെ സമരം നടന്നുവരികയാണ്. കൂടാതെ കേന്ദ്ര ഗവൺമെൻറിൻറെ തീരപരിപാലന നിയമം മൂലം പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവർക്ക് വീടോ കച്ചവടസ്ഥാപനങ്ങളോ നിർമിക്കാൻ ആകാത്ത സാഹചര്യവും തീരത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനിടയിലേക്കാണ് ആഴക്കടൽ മത്സ്യബന്ധന കരാർ പൊട്ടിപ്പുറപ്പെടുന്നത്. ഇതൊരു തുറുപ്പ് ചീട്ടാക്കി മത്സ്യ തൊഴിലാളികളുടെ പരമാവധി വോട്ട് പെട്ടിയിലാക്കാൻ കോൺഗ്രസ് ആവുന്ന ശ്രമം നടത്തുകയാണ്. ഓരോരോ വെളിപ്പെടുത്തലുകൾ നടത്തി വിഷയം കത്തിച്ച് നിർത്താൻ രമേശ് ചെന്നിത്തലയും പരമാവധി ശ്രമിച്ചിരുന്നു.
മോദി ആകാശം വിറ്റപ്പോൾ പിണറായി കടൽ വിറ്റെന്നായിരുന്നു രമേശ് ഇവിടങ്ങളിൽ പ്രസംഗിച്ചത്. നിരവധി പരിപാടികളാണ് യു.ഡി.എഫ് തീരങ്ങളിൽ നടത്തിയത്. യു.ഡി.എഫ് 'ആഴക്കടൽ' ഇളക്കിമറിച്ചപ്പോൾ തങ്ങളുടെ തീരത്തെ വോട്ടു ബാങ്ക് ആടി ഉലയാതിരിക്കാൻ ഇടതുമുന്നണിയും ശക്കമായ പ്രതിരോധം തീർത്തു. ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ കോൺഗ്രസ് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് സ്ഥാപിച്ച് ഇടതുപക്ഷവും പ്രചാരണങ്ങളുമായി രംഗത്തുവന്നു. മത്സ്യബന്ധനത്തിന് നരസിംഹറാവു സർക്കാർ നൽകിയ അനുമതിയും മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരുടെ വിഷയം പുറത്തിട്ടും ഇടതുമുന്നണി പ്രതിരോധം തീർത്തു.
അന്നം മുടക്കിയവർക്ക് വോട്ടില്ലെന്ന് ഇടതു മുന്നണി പറയുുമ്പോൾ കടൽ വിറ്റവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യമാണ് യു.ഡി.എഫ് തീരത്ത് ഉയർത്തുന്നത്. ഇരുമുന്നണികളെയും തീരദേശത്തെ വഞ്ചകരെന്ന് ചിത്രീകരിച്ച് പരമാവധി വോട്ട് വസൂലാക്കാൻ എൻ.ഡി.എ യും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാകുന്നു. മത്സ്യ തൊഴിലാളികളുടെ രക്ഷകരെന്ന് പറഞ്ഞ് മുന്നനണികൾ തീരദേശത്ത് മുമ്പെങ്ങുമില്ലാത്ത വിധം പ്ത്തിമ്ൻ്റെപൊ വേലിയേറ്റംം സൃഷ്ടിക്കുമ്പോൾ ആരെയാണ് തീരവാാസികൾ വിശ്വാസത്തിലെടുത്തതെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.