തൃക്കുന്നപ്പുഴ പാലം നിർമാണത്തിലെ കാലതാമസം: കലക്ടര്‍ ഇടപെടണം -രമേശ് ചെന്നിത്തല
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നല്‍കിയതായി രമേശ് ചെന്നിത്തല എം.എല്‍.എ അറിയിച്ചു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ‘മാധ്യമ’ത്തിൽ വന്ന വാർത്തയെ തുടർന്നായിരുന്നു ചെന്നിത്തലയുടെ ഇടപെടൽ.
നാവിഗേഷന്‍ ലോക്ക് പുനനിര്‍മിക്കാൻ തൃക്കുന്നപ്പുഴയിലെ പാലം പൊളിച്ചതുമൂലം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങള്‍ വലിയ യാത്രാപ്രതിസന്ധി നേരിടുകയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ പാലം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പുതിയ പാലത്തിന്റെ പൈലിങ് പ്രവര്‍ത്തനങ്ങൾപോലും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ നടന്നുവരുന്ന ജങ്കാര്‍ സര്‍വിസ് യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല.
2024 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍, ഇത് അനന്തമായി വൈകുമെന്ന് ഉറപ്പാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഇതിന് കാരണം. പുതിയ പാലത്തിന്റെ നിര്‍മാണം വൈകുന്നത് പ്രതിഷേധത്തിന് കാരണമാകും. വലിയ ക്രമസമാധാന പ്രശ്നമായും ഇത് മാറാനിടയുണ്ട്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്നും നിര്‍മാണ ചുമതലയുള്ള കരാറാകാരുടെയും ഇറിഗേഷന്‍ വകുപ്പ്, പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം എത്രയും വേഗം വിളിച്ചുചേര്‍ത്ത് നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാൻ തുടര്‍നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നല്കിയ കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.