കൈയേറ്റം വ്യാപകം; ശേഷിക്കുന്ന തോടുകളും നാശത്തിലേക്ക്
text_fieldsആറാട്ടുപുഴ: നിയമങ്ങളെ നോക്കുകുത്തിയാക്കി പൊതുതോടുകളും പുഴകളും കൈയേറുന്നത് വ്യാപകമാകുന്നു. പ്രളയവും കടൽ ക്ഷോഭവും അനുഭവ പാഠമാക്കി നടപടി സ്വീകരിക്കേവർ മൗനത്തിലാണ്. ഇതുമൂലം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
നെൽവയിൽ തണ്ണീർത്തട നിയമത്തിന്റെ വ്യവസ്ഥകൾ നിലനിൽക്കുമ്പോൾ തന്നെ കൈയേറ്റം വ്യാപകമായി തുടരുകയാണ്. ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും പൊതുതോടുകൾ നാൾക്കുനാൾ ഇല്ലാതാകുന്നു. അപ്പർ കുട്ടനാടൻ ഭാഗങ്ങളിൽ പുഴകൾ കൈയേറുന്നതും വ്യാപകമാകുന്നു.
തീരദേശ പഞ്ചായത്തുകളിലെ തോടുകളിൽ അധികവും പേരിനുപോലും അവശേഷിക്കുന്നില്ല. എത്ര മഴ പെയ്താലും കടൽ വെള്ളം ഇരച്ചുകയറിയാലും മുൻകാലങ്ങളിൽ വെള്ളക്കെട്ട് ഈ പഞ്ചായത്തുകളിൽ ദുരിതം തീർത്തിരുന്നില്ല. വേലിയേറ്റത്തെ ചെറുക്കാൻ മാത്രം ലക്ഷ്യമിട്ട് ഇവിടെ തോടുകൾ ഉണ്ടായിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. തോടുകൾ കൈയേറിയതോടെ വെള്ളക്കെട്ടിനും അതുമൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾക്കും തുടക്കമായി. ചില തോടുകളാകൾ കൈയേറ്റത്തിന് വിധേയമായതു മൂലം ഒഴുക്ക് നിലച്ച് കിടക്കുകയാണ്. തോടിനോട് ചേർന്ന് താമസിക്കുന്നവരാണ് ആവശ്യത്തിനും അനാവശ്യത്തിനും തോട് കൈയേറ്റം അധികവും നടത്തിയിട്ടുള്ളത്. തോടുകളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതോടെ തോടുകൾ നാടിന്റെ ശാപമായി മാറി.
കൈയേറ്റത്തിന് ശേഷവും അവശേഷിക്കുന്ന നീർച്ചാലുകൾ കൂടി ഇല്ലായിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുമായിരുന്നു. തോടിന്റെ നാശത്തിനും കയേറ്റം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളിലേക്കും നാടിനെ കൊണ്ടെത്തിച്ചതിന്റെ ഒന്നാം പ്രതി കാഴ്ചപ്പാടില്ലാത്ത പഞ്ചായത്ത് ഭരണാധികാരികളാണ്. ഇപ്പോഴും ശേഷിക്കുന്ന പൊതുതോടുകൾ സംരക്ഷിക്കാനും ജലമൊഴുക്ക് സുഗമമാക്കാനും ദീർഘവീക്ഷണത്തോട് കൂടിയ ഒരു പദ്ധതിക്കും രൂപം നൽകിയിട്ടില്ല. തോട് കൈയേറുമ്പോൾ മൗനം പാലിക്കുകയും പിന്നീട് അതേ സ്ഥാനത്ത് ഓട നിർമിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്യുകയാണ് പഞ്ചായത്ത് അധികാരികൾ. ശേഷിക്കുന്ന നീരൊഴുക്ക് ചാലുകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതമാകും തീരദേശം നേരിടേണ്ടി വരിക.
സ്വകാര്യ വ്യക്തി തോട് കൈയേറി നീരൊഴുക്ക് തടഞ്ഞു
തൃക്കുന്നപ്പുഴ: ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ നീരൊഴുക്കുള്ള തോട് സ്വകാര്യ വ്യക്തി കൈയേറി നികത്തിയതായി പരാതി. പ്രണവം ജങ്ഷന് കിഴക്ക് വാടച്ചിറ മില്ലിന് സമീപം ആറുമായി ബന്ധപ്പെട്ട തോടാണ് കൈയേറിയത്. മഴക്കാലത്ത് പ്രദേശത്ത് ഇതുമൂലം വെള്ളക്കെട്ടും ദുരിതങ്ങളും ഉണ്ടാകുവെന്ന് പരിസരവാസികൾ പറയുന്നു.
നികത്താനുള്ള നീക്കം ആരംഭിച്ചപ്പോൾ തന്നെ ബന്ധപ്പെട്ട പഞ്ചായത്ത് - റവന്യൂ അധികാരികളെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അധികാരികളുടെ ഒത്താശയോടെ സ്വകാര്യ വ്യക്തി കൈയേറ്റം തുടരുകയാണ്. മുഖ്യമന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.