ചട്ടം ലംഘിച്ച് മീൻപിടിത്ത ബോട്ടുകൾ തീരക്കടൽ അരിച്ചുപെറുക്കുന്നു
text_fieldsആറാട്ടുപുഴ: ചട്ടങ്ങൾ കാറ്റിൽപറത്തി മത്സ്യബന്ധന ബോട്ടുകൾ തീരക്കടൽ അരിച്ചുപെറുക്കുന്നു. ബോട്ടുകളുടെ കടന്നുകയറ്റം വ്യാപകമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഭീതിയിലും ദുരിതത്തിലുമായി. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമായി.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന തീരക്കടലിൽ ട്രോളിങ് നിരോധനത്തിന് ശേഷം ചെറുതും വലുതുമായ മത്സ്യബന്ധന ബോട്ടുകളാണ് രാപ്പകൽ ഭേദമില്ലാതെ മീൻപിടിക്കുന്നത്.തീരത്തുനിന്ന് എട്ടുമുതൽ 10 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമേ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. എന്നാൽ, കരയിൽനിന്ന് 25 മുതൽ 500 മീറ്റർ വരെ അടുത്തെത്തിയാണ് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത്.
ചെറുവള്ളങ്ങളിലും തെർമോകോളിലും പോയി തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്കാണ് ബോട്ടുകളുടെ കടന്നുകയറ്റം ഏറെ ഭീഷണിയാണ്. ഇവർ കടലിൽ ഇടുന്ന വലകൾ തീരത്തുകൂടി വരുന്ന ബോട്ടുകളിൽ ഉടക്കി നശിച്ചുപോകുന്നത് പതിവാണ്. കൂടാതെ രാത്രി കടലിൽ മീൻപിടിക്കുന്ന തൊഴിലാളികളുടെ ജീവനുതന്നെ ബോട്ടുകൾ ഭീഷണിയാണ്.
തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലും മറൈൻ എൻഫോഴ്സ്മെന്‍റിലും ചിത്രങ്ങൾ സഹിതം ഇതിനെതിരെ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.മറൈൻ എൻഫോഴ്സളമെന്‍റിന്‍റെ ബോട്ട് അഴീക്കലിൽനിന്ന് പരിശോധനക്ക് പുറപ്പെടുമ്പോൾതന്നെ ബോട്ടുകൾക്ക് വിവരം ലഭിക്കുന്നതിനാൽ തെളിവ് സഹിതം പിടികൂടാനാകുന്നില്ലെന്നാണ് അധികാരികൾ പറയുന്നത്.
തോട്ടപ്പള്ളി തീരദേശ പൊലീസിന്‍റെ ബോട്ട് ഹാർബറിനുള്ളിൽ ഉറച്ചുപോയതിനാൽ പരിശോധന മുടങ്ങിയിരിക്കുകയാണ്.തോട്ടപ്പള്ളി തീര പൊലീസിന്റെ നിരീക്ഷണം ശക്തമായെങ്കിൽ മാത്രമേ ബോട്ടുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനാകൂവെന്ന് തൊഴിലാളികൾ പറയുന്നു. നിയമലംഘനം തടയുന്നതിൽ അധികാരികൾ തുടരുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പട്ടിണിയിലായ തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.