പൊങ്ങിക്കിടക്കുന്ന സൗരോർജ പ്ലാൻറുകൾ പ്രവർത്തനസജ്ജമായി; മാർച്ചിൽ വൈദ്യുതി ഉൽപാദനം തുടങ്ങും
text_fieldsആറാട്ടുപുഴ: കേരളത്തിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുതി പ്ലാന്റ് കായംകുളം താപനിലയത്തിൽ സജ്ജമാകുന്നു. വിശാല ജലാശയങ്ങളിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ പാനലുകളിൽനിന്ന് ഈ മാസം വൈദ്യുതി ഉൽപാദനം ആരംഭിക്കും.
92 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതിയുടെ ഒന്നാം ഘട്ടമായി 22 മെഗാവാട്ട് ഈ മാസം കമീഷൻ ചെയ്യുമെന്ന് എൻ.ടി.പി.സി കായംകുളം ജനറൽ മാനേജർ എസ്.കെ. റാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഏറ്റെടുത്ത 22 മെഗാവാട്ടിൽ 10 മെഗാവാട്ട് സൗരോർജ പ്ലാന്റ് ഉൽപാദനത്തിന് സജ്ജമായി കഴിഞ്ഞു.
ശേഷിക്കുന്ന 12 മെഗാവാട്ട് സൗരോർജ യൂനിറ്റും ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. യൂനിറ്റിന് 3.16 രൂപക്കാണ് കെ.എസ്.ഇ.ബി സൗരോർജ വൈദ്യുതി വാങ്ങുക. കെ.എസ്.ഇ.ബിയുമായി 25 വർഷത്തെ ദീർഘകാലത്തെ വൈദ്യുതി വിൽപന കരാർ എൻ.ടി.പി.സി ഒപ്പിട്ടുകഴിഞ്ഞു. ടാറ്റാ സോളാറാണ് 70 മെഗാവാട്ടിന്റെ രണ്ടാമത്തെ യൂനിറ്റ് നിർമിക്കുന്നത്.
ജൂലൈയിൽ ഇതും പ്രവർത്തനക്ഷമമാകും. നാഫ്തക്ക് പകരം ഗ്യാസും ഗ്രീൻ ഹൈഡ്രജനുമുപയോഗിച്ച് താപനിലയം പ്രവർത്തിക്കാൻ കഴിയുമോയെന്നത് പരിശോധിക്കുന്നുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു.
അസി. ജനറൽ മാനേജർമാരായ ആനന്ദ് മാലക്ക്, എം. ബാലസുന്ദരം, സീനിയർ മാനേജർമാരായ പി.പ്രവീൺ, പി.ബി. ദേവു, ജൂനിയർ ഓഫിസർ സൈമൺ ജോൺ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.