കൂറ്റൻ വാട്ടർ ടാങ്ക് ജീർണാവസ്ഥയിൽ; പ്രദേശവാസികൾ ഭീതിയിൽ
text_fieldsആറാട്ടുപുഴ: ഏതു നിമിഷവും ഒരു ദുരന്തം പ്രതീക്ഷിച്ച് ഭീതിയിൽ കഴിഞ്ഞുകൂടുകയാണ് ആറാട്ടുപുഴ മംഗലത്തെ കുറേ വീട്ടുകാർ. തങ്ങളുടെ തലക്കുമീതെ ഉയർന്നുനിൽക്കുന്ന കൂറ്റൻ കുടിവെള്ള സംഭരണിയാണ് വർഷങ്ങളായി വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ജീർണാവസ്ഥയിലുള്ള വാട്ടർ ടാങ്ക് ഉടൻ പൊളിച്ചു നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആറാട്ടുപുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഴക്കുഭാഗത്തായാണ് വീടുകൾക്കിടയിലെ ഇൗ ജലസംഭരണി. പഞ്ചായത്തിൽ ആദ്യകാലത്ത് നിർമിച്ച ടാങ്കുകളിൽ ഒന്നാണിത്. ഒന്നര പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമാണ്.
ദുർബലമായ ജലസംഭരണി ഉപേക്ഷിച്ചെങ്കിലും അത് പൊളിച്ചുനീക്കാൻ വാട്ടർ അതോറിറ്റി ഇതുവരെ നടപടി സ്വീകരിച്ചില്ല. പരിസരവാസികൾ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ കേട്ട ഭാവം നടിച്ചില്ല.
നിലവിൽ ടാങ്കിെൻറ സ്ഥിതി ഏറെ പരിതാപകരമാണ്. തൂണുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കമ്പി പുറത്തുകാണാം. വലിയ വൃക്ഷങ്ങൾ ടാങ്കിൽ വേരാഴ്ത്തി വളർന്നു നിൽക്കുന്നതിനാൽ ഭിത്തിയെല്ലാം പൊട്ടിപ്പൊളിഞ്ഞു. തൂണുകൾ ദുർബലമായതോടെ ടാങ്ക് ഒരുവശത്തേക്ക് ചരിഞ്ഞ് നിൽക്കുകയാണ്. ടാങ്ക് നിലം പതിച്ചാൽ തങ്ങളുടെ വീടുകളുടെ മുകളിലാകും പതിക്കുകയെന്ന് സമീപവാസികൾ പറയുന്നു. സ്വസ്ഥമായി ഉറങ്ങിയിട്ട് കാലങ്ങളായി. സ്കൂൾ ഗ്രൗണ്ട് തൊട്ടടുത്താണുള്ളത്. നിരവധി കുട്ടികളാണ് ഇവിടെ എല്ലാ ദിവസവും കളിക്കാനെത്തുന്നത്. അപകടാവസ്ഥയെ കുറിച്ച് ബോധ്യമില്ലാത്ത കുട്ടികൾ ടാങ്കിെൻറ പരിസരത്ത് തമ്പടിക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.
ഇതുവരെ നിസ്സാരമായാണ് പ്രശ്നത്തെ വാട്ടർ അതോറിറ്റി കണ്ടതെന്ന് അവർ ആരോപിക്കുന്നു. കാലിയായി കിടന്ന ടാങ്കിൽനിന്ന് കഴിഞ്ഞ ദിവസം വെള്ളം താഴേക്ക് പ്രവഹിച്ചത് സമീപവാസികളെ കൂടുതൽ ഭീതിയിലാഴ്ത്തി. പരിസരം മുഴുവൻ വെള്ളക്കെട്ടായി മാറി. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി ടാങ്കിൽനിന്ന് താഴേക്ക് വെള്ളം ഒഴുകിയെത്തിയ പൈപ്പ് താൽക്കാലികമായി അടച്ചാണ് പ്രശ്നം പരിഹരിച്ചത്.
സമീപത്തെ കുഴൽ കിണറിൽ ലൈനിലേക്ക് പമ്പ് ചെയ്ത വെള്ളം എങ്ങനെയോ ടാങ്കിലേക്ക് കയറിയതാണ് വെള്ളം നിറയാൻ കാരണമായത്. സംഭവസ്ഥലത്തെത്തിയ ജലഅതോറിറ്റി അധികൃതർക്കും അപകടാവസ്ഥ ബോധ്യമായി. ഉടൻ പൊളിച്ചുനീക്കാനുള്ള തയാറെടുപ്പിലാണ് അവരെന്ന് അറിയുന്നു.
എന്നാൽ, മുമ്പും പലതവണ ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ പ്രദേശവാസികൾക്ക് വിശ്വാസം പോരാ. അധികാരികൾ ഇനിയും അലംഭാവം കാട്ടിയാൽ സംഭവിക്കാൻ പോകുന്നത് വലിയൊരു ദുരന്തമാണെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.