തിരയിളകിയാൽ ഉള്ളിൽ ആന്തൽ
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ഗുരുതര കടൽക്ഷോഭ ഭീഷണിയിൽ.
ചെറുതായി തിര ഇളകിയാൽപോലും ഇവിടെ ജീവിതം ദുരിതത്തിലാവും. അടിക്കടി ഉണ്ടാവുന്ന കടൽക്ഷോഭത്തിൽ കടുത്ത പ്രയാസമാണ് പ്രദേശവാസികൾ നേരിടുന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാൽ, രാമഞ്ചേരി, ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ വടക്കോട്ട് മംഗലം വരെ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, മതുക്കൽ, പാനൂർ, പല്ലന എന്നിവിടങ്ങളിലാണ് കടൽക്ഷോഭ ഭീഷണി നിലനിൽക്കുന്നത്. ഇവിടെ നിലവിൽ ഉണ്ടായിരുന്ന കടൽഭിത്തി പൂർണമായോ ഭാഗികമായോ മണ്ണിനടിയിലായതിനാൽ കടൽക്ഷോഭം തടയാൻ കഴിയുന്നില്ല. കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് കടൽഭിത്തിയുടെ തകർച്ചക്ക് കാരണം.
എം.ഇ.എസ് ജങ്ഷൻ ഭാഗത്തും പ്രണവം നഗർ ഭാഗത്തും തീരദേശ റോഡ് അപകട ഭീഷണി നേരിടുന്നു. മാസങ്ങൾക്കു മുമ്പാണ്ടായ കടൽക്ഷോഭം ഈ പ്രദേശങ്ങളിൽ കടുത്ത ദുരിതമാണ് തീർത്തത്.
അപകടാവസ്ഥ കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജിയോ ബാഗിൽ മണൽ നിറച്ചുള്ള നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. മംഗലം മുതൽ ആറാട്ടുപുഴ സ്റ്റാൻഡ് വരെ അടിയന്തര പ്രാധാന്യത്തോടെ ജിയോ ബാഗ് സ്ഥാപിക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ ജൂലൈയിൽ പ്രഖ്യാപനം നടത്തിയിരുന്നു.
ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ബാക്കി ഭാഗങ്ങളിൽ കടൽഭിത്തിയും പുലിമുട്ടും നിർമിക്കാനുള്ള വിശദമായ നിർദേശം വേൾഡ് ബാങ്കിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ പഞ്ചായത്തിലെ എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, പത്തിശ്ശേരിൽ ജങ്ഷൻ, മംഗലം ജങ്ഷൻ, പെരുമ്പള്ളി, രാമഞ്ചേരി ഭാഗങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തൃക്കുന്നപ്പുഴ, പള്ളിപ്പാട്ടുമുറി, പതിയാങ്കര, കുമാരകോടി, പാനൂർ, പല്ലന, ചേലക്കാട്, കോട്ടേമുറി എന്നിവിടങ്ങളിലേക്കും ജിയോ ബാഗ് സ്ഥാപിക്കാൻ നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നും ആരംഭിച്ചിട്ടില്ല.
പെരുമ്പള്ളി ഭാഗത്ത് ഒരുമാസം മുമ്പ് ജിയോ ബാഗ് ഉപയോഗിച്ച് 300 മീറ്റർ നീളത്തിലും നല്ലാണിക്കൽ ഭാഗത്ത് 220 മീറ്റർ നീളത്തിലും വലിയഴീക്കൽ ഭാഗത്ത് 310 മീറ്റർ നീളത്തിലും സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടിന്റെ നിർമാണവും പൂർത്തീകരിച്ചിട്ടില്ല. അറബിക്കടലിൽ ന്യൂനമർദം രൂപംകൊള്ളുന്നതിന്റെ ഭാഗമായി തിരമാലകൾ ഉയർന്നുപൊങ്ങുന്ന മുന്നറിയിപ്പ് അടിക്കടി ഉണ്ടാകുമ്പോൾ തീരവാസികൾ കടുത്ത ഭീതിയിലാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.