മൂല്യനിർണയത്തിലെ അപാകത; അയനക്ക് നഷ്ടം ഏഴ് മാർക്ക്
text_fieldsആറാട്ടുപുഴ: പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകന്റെ അശ്രദ്ധയിൽ എസ്.എസ്.എൽ.സി വിദ്യാർഥി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ ബാബു-രജി ദമ്പതികളുടെ മകൾ അയന ആർ. ബാബുവിന് നഷ്ടം ഏഴുമാർക്ക്.തുടർ പഠനത്തിനുള്ള നടപടികൾ ആരംഭിച്ച ഘട്ടത്തിലും മാർക്കിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് അയനയെ സങ്കടത്തിലാക്കുന്നു. നഷ്ടപ്പെട്ട മാർക്ക് തിരികെ കിട്ടാനുള്ള ഓട്ടത്തിലാണ് അവർ. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിൽനിന്നാണ് എസ്.എസ്.എൽ.സി. വിജയിച്ചത്. ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് ലഭിച്ചത്. സോഷ്യൽ സയൻസിനാണ് ബി പ്ലസ്. അതിനേക്കാൾ ഉയർന്ന ഗ്രേഡ് പ്രതീക്ഷയുള്ളതിനാൽ 400 രൂപ ചെലവഴിച്ച് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി. മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എന്നിട്ടും അയന പിന്മാറിയില്ല. ഉയർന്ന ഗ്രേഡ് ലഭിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതിനാൽ 200 രൂപ വീണ്ടും അടച്ച് ഉത്തരപേപ്പറിന്റെ പകർപ്പെടുത്തു. അപ്പോഴാണ് പേപ്പർ പരിശോധിച്ച അധ്യാപകന്റെ പിഴവുമൂലം ഏഴ് മാർക്കിന്റെ കുറവ് വന്നതായി കണ്ടെത്തുന്നത്. ഏഴ് മാർക്ക് കൂടി ലഭിക്കുമ്പോൾ നിലവിലുള്ള ബി പ്ലസ് ഗ്രേഡ് എ ഗ്രേഡായി മാറും. ഉത്തരത്തിന്റെ ഭാഗത്ത് ഇട്ട മാർക്ക് സ്കോർ ഷീറ്റിലേക്ക് പകർത്തി എഴുതാതിരുന്നതാണ് കാരണം. ചോദ്യം 12 നും 14 നും എഴുതിയ ഉത്തരത്തിന് മൂന്നു മാർക്ക് വീതം നൽകിയിട്ടുണ്ട്. കൂടാതെ ചോദ്യം നമ്പർ 18ന് ഒരു മാർക്കും കൊടുത്തതായി ഉത്തര പേപ്പറിൽ ഉണ്ട്. എന്നാൽ ഈ ഏഴു മാർക്ക് ടാബുലേഷൻ ഷീറ്റിൽ വന്നിട്ടില്ല. പുനർ മൂല്യനിർണയത്തിൽ ഇത് കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ജൂൺ മൂന്നിന് വൈകിട്ടാണ് ഉത്തര പേപ്പറിന്റെ പകർപ്പ് ലഭിച്ചത്. നാലിന് സ്കൂൾ അധികാരികൾ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകി. പിന്നീട് അയനയുടെ പിതാവ് ബാബു പരീക്ഷാഭവനുമായി ബന്ധപ്പെടുകയും അവർ പറഞ്ഞതനുസരിച്ച് മെയിൽ അയക്കുകയും ചെയ്തു. ആദ്യ അലോട്ട്മെൻറ് നടപടികൾ പൂർത്തീകരിച്ചിട്ടും മാർക്കിന്റെ കാര്യത്തിൽ ഇതുവെര തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.