അഴീക്കോടൻ നഗറിൽ മണ്ണുനീക്കുന്നത് നാട്ടുകാർ തടഞ്ഞു
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ വലിയഴീക്കൽ അഴീക്കോടൻ നഗർ ഭാഗത്ത് കടൽക്ഷോഭത്തിൽ റോഡിലേക്ക് അടിച്ചു കയറിയ മണൽ വെള്ളിയാഴ്ചയും നീക്കിയില്ല. പി.ഡബ്ല്യു.ഡി അധികൃതർ മണ്ണുമാന്തി യന്ത്രവുമായെത്തിയെങ്കിലും കടലോരം വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ എതിർപ്പുമായെത്തിയതോടെ ജോലി നടന്നില്ല. സൂനാമി ദുരന്തം നാശം വിതച്ച സ്ഥലമാണിത്. അഞ്ചുപേർ ഇവിടെ മരണപ്പെട്ടിരുന്നു. കടൽ ഭിത്തികെട്ടി തീരം സംരക്ഷിക്കുമെന്ന് അധികാരികൾ നിരവധി തവണ വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണ് നീക്കുന്നത് നാട്ടുകാർ തടഞ്ഞത്.
പിന്നീട് ഡെപ്യൂട്ടി തഹസിൽദാർ സിന്ധുമോൾ സ്ഥലത്തെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.എസ്. സജീവൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ശ്രീകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സി.വി. സന്യാൽ എന്നിവരുമായി കൂടിയാലോചന നടത്തി. തുടർ ചർച്ചകൾ കലക്ടറുടെ സാന്നിധ്യത്തിൽ താലൂക്ക് ഓഫിസിൽ നടത്താമെന്ന തീരുമാനത്തിലാണ് കൂടിയാലോചന അവസാനിച്ചത്.
മണൽ നീക്കാഞ്ഞതിനാൽ തീരദേശപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. കരുനാഗപ്പള്ളി-തോട്ടപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സർവിസും മുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.