മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് എന്തു ചെയ്തു ?
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ മുതുക്കൽ കടൽ തീരത്തുള്ള തണൽ ഷെഡിലും സമീപത്തുമായി സൊറ പറഞ്ഞിരിക്കുന്നവരും ചീട്ട് കളിക്കുന്നവരുമായ മത്സൃ തൊഴിലാളികളുടെ അടുത്താണ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അഭിപ്രായം ആരായാൻ എത്തിയത്. അവിടെയുണ്ടായിരുന്ന ബാബുവും സുരേഷും സുമേഷും പ്രദീപുമെല്ലാം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികളും പ്രവർത്തകരും നിക്ഷപക്ഷ നിലപാട് സ്വീകരിക്കുന്നവരുമൊക്കെയായിരുന്നു.
സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ ഭരണം എങ്ങനെയുണ്ടെന്ന അഭിപ്രായം ചോദിച്ചപ്പോൾ മത്സ്യതൊഴിലാളികൾ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. ഒരു ഭരണം കൊണ്ടും ഒരു നേട്ടവുമില്ല. ‘‘കണ്ടില്ലേ ഞങ്ങളുടെ അവസ്ഥ. നിങ്ങൾ കരുതും പണിക്ക് പോയി വന്നതിന് ശേഷം ഞങ്ങൾ വിശ്രമിക്കുകയാണെന്ന്. എന്നാൽ അങ്ങനെയല്ല. വർഷത്തിൽ 10 മാസവും ഈ ഇരിപ്പാണ്. രണ്ടുമാസമേ എന്തെങ്കിലും പണി ഉണ്ടാകൂ. ഓരോ വർഷം കഴിയുന്തോറും ജീവിതം മെച്ചപ്പെടുകയല്ല ദുരിതത്തിൽ ആവുകയാണ്. ഞങ്ങൾ എങ്ങനെയാണ് ഭരണം നല്ലതെന്ന് പറയുക’’ -അവർ ചോദിച്ചു.
കേന്ദ്രവും സംസ്ഥാനവും ഞങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ല. ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുന്നു. ഇന്ധന സബ്സിഡി നിർത്തലാക്കിയവർക്ക് ഞങ്ങളോട് വോട്ട് ചോദിക്കാൻ എന്തവകാശമാണുള്ളത്. ഇൻബോഡ് എഞ്ചിൻ വള്ളത്തിന് പ്രതിമാസം 1600 രൂപ പ്രീമിയം ചുമത്തുകയും സമ്പാദ്യ ആശ്വാസ പദ്ധതിയിലൂടെ ലഭിക്കാനുള്ള ആനുകൂല്യം തടഞ്ഞുവെക്കുകയും ചെയ്തവർക്ക് മത്സ്യ തൊഴിലാളികളോട് വോട്ട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ? ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്താണ് ചെയ്തതെന്ന് അവർ പറയട്ടെയെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതികരണം.
ഭരണം മാറണം
തുടർഭരണം നല്ലതല്ല എന്ന അഭിപ്രായമായിരുന്നു അധികപേർക്കും ഉണ്ടായിരുന്നത്. ഭരണം മാറിമാറി വരുമ്പോഴാണ് കൂടുതൽ വികസനവും ക്ഷേമ പ്രവർത്തനവും നടക്കുക. ഭരണപക്ഷവും പ്രതിപക്ഷവും അലസന്മാരാകുന്ന അവസ്ഥയാണ് തുടർന്നാൽ ഉണ്ടാവുക. പ്രതിപക്ഷം ശക്തമാണെങ്കിൽ മാത്രമേ ഭരണം നന്നാകൂ. കേരളത്തിൽ പ്രതിപക്ഷം അത്ര പോരാ എന്ന അഭിപ്രായമായിരുന്നു അധികംപേർക്കും.
കരിമണൽ ഖനനം ജീവിതം ദുരിതപൂർണമാക്കുന്നു
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം മത്സ്യതൊഴിലാളികളുടെ ഗുണത്തിനല്ല എന്ന് മനസ്സിലാക്കാനുള്ള ബോധം ഞങ്ങൾക്കുണ്ടെന്ന് കൂട്ടത്തിൽ ഒരാൾ പ്രതികരിച്ചു. കടലിലും കരയിലും രക്ഷയില്ലാത്തവരായി മത്സ്യത്തൊഴിലാളികൾ മാറി. കരിമണൽ ഖനനവും കടലാക്രമണവും ഞങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. തീരം സംരക്ഷിക്കുമെന്ന് വാഗ്ദാനങ്ങൾ അല്ലാതെ പരിഹാരത്തിന് കാര്യമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. ഇത്രയും ദുരിതമനുഭവിക്കുന്ന ഒരു സമൂഹം രാജ്യത്ത് ഉണ്ടാകില്ല. പ്രദീപിന്റെ അഭിപ്രായത്തോട് അവിടെ ഇരുന്ന എല്ലാ തൊഴിലാളികളും യോജിച്ചു.
എം.പിയെക്കൊണ്ട് മത്സ്യ മേഖലക്ക് ഗുണമുണ്ടായില്ല
ആരിഫ് എം.പി.യുടെ അഞ്ചുവർഷത്തെ പ്രവർത്തനം കൊണ്ട് മത്സ്യ മേഖലയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടായതായി അറിയില്ലെന്ന് തൊഴിലാളികൾ ചിലർ പ്രതികരിച്ചു. എന്നാൽ ആരിഫ് മികച്ച പാർലമെന്റേറിയൻ അയിരുന്നു എന്നായിരുന്നു സുമേഷിന്റെ പ്രതികരണം. ആരിഫിന്റെ ജനപ്രീതിക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുമേഷ് പാർട്ടിക്കാരനായതു കൊണ്ട് തോന്നുന്നതാണെന്നും മത്സ്യമേഖലയുടെ വികസനത്തിന് ആരിഫ് എന്തു ചെയ്തു എന്ന് വ്യക്തമാക്കണമെന്നുമായി എതിർപക്ഷം. പ്രതികൂലമായ പല ഘടകങ്ങൾ ഇത്തവണ ആരിഫിന് ദോഷകരമാകുമെന്ന് സാബുവിന്റെ കമന്റ്. ഞങ്ങളുടെ ഒരു എം.പി. ഉണ്ടെങ്കിൽ കേന്ദ്രത്തിന്റെ കൂടുതൽ പരിഗണന ലഭിക്കുമായിരുന്നു എന്ന് ബി.ജെ.പി അനുഭാവി അഭിപ്രായപ്പെട്ടു. ഇത്തവണ ലക്ഷൃം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഇക്കുറിയും പച്ച തൊടില്ലെന്ന് ഒരു കൂട്ടർ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ തർക്കം മുറുകി.
പ്രധാന രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസം പോരാ
തീരത്തിന് അനുയോജ്യമല്ലാത്ത വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി കോടികൾ പാഴാക്കി കളയുകയാണ് സർക്കാരുകൾ ചെയ്യുന്നതെന്ന് സമീപത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച് തുരുമ്പെടുത്ത് നശിച്ചു കിടക്കുന്ന ഫ്രീസർ യൂനിറ്റും സോളാർ ഹൈമാസ്റ്റ് ലൈറ്റും ഉദാഹരിച്ച് സുരേഷ് പറഞ്ഞു.
മാറ്റം അനിവാര്യമാണെങ്കിലും നിലവിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഞങ്ങൾക്ക് വിശ്വാസം പോര. അർപ്പണബോധമുള്ള യുവ തലമുറയിൽ പെട്ടവരെ സ്ഥാനാർഥികളാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതെന്ന് ചീട്ട് കളിക്കിടയിൽ സാബു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സൈന്യമെന്ന ബഹുമതി മാത്രമാണ് ആകെ സന്തോഷിക്കാൻ ഞങ്ങൾക്കുള്ളത്. മണ്ഡലത്തിൽ ആർക്കാണ് ജയസാധ്യത എന്ന് ചോദിച്ചപ്പോൾ ആര് ജയിച്ചാലും തങ്ങളുടെ അവസ്ഥക്ക് മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷ നഷ്ടപ്പെട്ട മറുപടിയാണ് അവർ നൽകിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.