മീനത്തേരിൽ കുടുംബത്തിന്‍റെ കരുതൽ: തനിമയും തെളിമയും ചോരാതെ മഠത്തിൽകുളം
text_fieldsആറാട്ടുപുഴ: കുടിവെള്ളം കിട്ടാക്കനിയായിരുന്ന കാലത്ത് തീരഗ്രാമത്തിന് ഒരു നൂറ്റാണ്ടിലേറെക്കാലം ജീവജലത്തിന്‍റെ തെളിനീർ സമ്മാനിച്ച കുളത്തെ പൊന്നുപോലെ സംരക്ഷിക്കുകയാണ് മീനത്തേരിൽ കുടുംബം. ആറാട്ടുപുഴ പഞ്ചായത്ത് 18 ാം വാർഡിൽ പത്തിശ്ശേരിൽ ജങ്ഷന് കിഴക്ക് മഠത്തിൽകുളമാണ് ഒന്നരനൂറ്റാണ്ടായിട്ടും ഈ കുടുംബത്തിന്‍റെ കരുതലിൽ തെളിമയും തനിമയും ചോരാതെ നിലനിൽക്കുന്നത്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലത്തിന് കാലങ്ങളോളം പ്രധാന ആശ്രയമായിരുന്നു മഠത്തിൽകുളം. രാജഭരണകാലം മുതൽ നിലനിൽക്കുന്ന ഈ കുളത്തിന്‍റെ പ്രതാപം തലമുറകൾ പലത് കഴിഞ്ഞിട്ടും നഷ്ടമായിട്ടില്ല. ആറാട്ടുപുഴ തൈവീട്ടിൽ തെക്കതിൽ കുടുംബത്തിന്‍റേതായിരുന്ന കുളം പണ്ടുമുതൽ ജനം പൊതുസ്വത്തായാണ് ഉപയോഗിക്കുന്നത്. അവസാനത്തെ അവകാശിയായിരുന്ന മധുസൂദനപ്പണിക്കരുടെ പക്കൽനിന്ന് മൂന്നരപ്പതിറ്റാണ്ട് മുമ്പാണ് മീനത്തേരിൽ (മഠത്തിൽ) മുഹമ്മദ് സാലി കുളം ഉൾപ്പെടുന്ന വസ്തു വാങ്ങിയത്.
അതിനുശേഷവും കുളത്തിലെ വെള്ളം ആർക്കും വിലക്കിയിട്ടില്ല. 25 വർഷം മുമ്പുവരെയും കുളത്തെ നാട്ടുകാർ ഉപയോഗപ്പെടുത്തിയിരുന്നു. കുടിവെള്ളത്തിന് പൈപ്പ് സംവിധാനങ്ങൾ വന്നതോടെ കുളത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. നാടിന് ജീവജലം നൽകിയ കുളത്തെ മീനത്തേരിൽ കുടുംബം കൈവിട്ടില്ല. മുൻഗാമികൾ പരിപാലിച്ചുപോകുന്ന മുറയിൽ ഇപ്പോഴും സാലിയും കുടുംബവും കുളത്തെ കാത്തുസൂക്ഷിക്കുകയാണ്.
പേരുകേട്ട കുളം
കേരളത്തിലെതന്നെ പേരുകേട്ട കുളങ്ങളിൽ ഒന്നാണിത്. പണ്ട് വലിയ കമ്പോളമായിരുന്നു ആറാട്ടുപുഴ പത്തിശ്ശേരിൽ പ്രദേശം. ജലമാർഗമായിരുന്നു സാധനങ്ങൾ വന്നുപോയിരുന്നത്. ആറാട്ടുപുഴയിലേക്കും ദൂരെ ദിക്കുകളിലേക്കും സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും ചരക്കുമായി കായംകുളം കായലിലൂടെ എത്തുന്ന കേവുവള്ളക്കാർ മഠത്തിൽകുളത്തിലെ വെള്ളം കൊണ്ട് ദാഹമകറ്റിയും ജലം ശേഖരിച്ചും മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ.
കേവുവള്ളക്കാരിലൂടെയാണ് മഠത്തിൽകുളത്തിന്‍റെ മഹിമ കേരളം മുഴുവൻ അറിഞ്ഞത്. ആലുവ പുഴയിലെ വെള്ളം കുടിച്ചുകഴിഞ്ഞാൽ പിന്നെ മഠത്തിൽകുളത്തിലെ വെള്ളം കുടിക്കണമെന്ന പറച്ചിൽതന്നെ ഉണ്ടായിരുന്നതായി കുളത്തിന്‍റെ സമീപവാസിയും പരിപാലനത്തിൽ ഏഴ് പതിറ്റാണ്ടുകാലം പങ്കാളിയുമായ മഠത്തിൽ സുകുമാരൻ (അപ്പായി) പറഞ്ഞു.
പ്രത്യേകതകൾ ഏറെ
ഒട്ടേറെ പ്രത്യേകതകളാണ് പ്രശസ്തമാക്കിയത്. വൃത്തിയാണ് പ്രധാന സവിശേഷത. കുളത്തിൽ ഇറങ്ങി വെള്ളം കോരാൻ ആരെയും പണ്ടുമുതൽ തന്നെ അനുവദിക്കാറില്ല. കുളത്തിലേക്ക് സ്ഥാപിച്ച പാലത്തിൽ കയറിനിന്ന് തൊട്ടി കൊണ്ട് കോരിയാണ് വെള്ളം ശേഖരിക്കുന്നത്. ഈ രീതിക്ക് ഇന്നും മാറ്റമില്ല. എത്ര വലിയ കടുത്ത വേനലിലും മഠത്തിൽ കുളം വറ്റിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കല്യാണങ്ങൾക്ക് മഠത്തിൽകുളത്തിലെ വെള്ളം കൊണ്ട് പാചകം ചെയ്യുന്നത് നല്ലതാണെന്ന വിശ്വാസവും നിലനിന്നിരുന്നു.
മുടക്കം വരാത്ത പരിപാലനം
കുളം എല്ലാ കൊല്ലവും വെട്ടി വൃത്തിയാക്കുന്ന കാര്യത്തിൽ ഒന്നരനൂറ്റാണ്ട് കാലത്തിനുള്ളിൽ ഇത് കൈകാര്യം ചെയ്തിരുന്നവർ ആരും മുടക്കം വരുത്തിയിട്ടില്ല. കോവിഡുകാലം മാത്രമാണ് ഇതിനൊരു അപവാദം. തൊട്ടടുത്ത പുരാതന ക്ഷേത്രമായ പത്തിശ്ശേരിൽ ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മുന്നോടിയായി അമ്പലക്കുളം വെട്ടാൻ എത്തുന്നവരാണ് മഠത്തിൽകുളവും വെട്ടുന്നത്. ഉപയോഗത്തിന് ഉടമ മാത്രമായപ്പോഴും ഈ പതിവ് തുടരുന്നു.
വീട്ടിലെ ഒട്ടുമുക്കാൽ ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് മുഹമ്മദ് സാലി പറഞ്ഞു. നാട്ടിൽ കൊടിയ കുടിവെള്ളക്ഷാമം ഉണ്ടാകുന്ന സമയങ്ങളിൽ നിരവധിപേർ എത്താറുണ്ട്. തങ്ങൾക്ക് ഇന്നുവരെ കുടിവെള്ളം മുട്ടിയിട്ടില്ലെന്നും പഴയ തലമുറ ഏൽപിച്ച അതേ പരിശുദ്ധിയോടെ കുളം ഇനിയും സംരക്ഷിക്കുമെന്നും സാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.