അപകട മുനമ്പിൽ നല്ലാണിക്കലും പെരുമ്പള്ളിയും തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാം
text_fieldsആറാട്ടുപുഴ: ചെറുതായൊന്ന് കടലിളകിയാൽ മതി നല്ലാണിക്കൽ പെരുമ്പള്ളി ഭാഗത്തെ തീരദേശ റോഡ് ഇല്ലാതാകാൻ. അത്രയേറെ അപകടാവസ്ഥയിലാണ് ഈ പ്രദേശങ്ങൾ.
കഴിഞ്ഞ കടലാക്രമണങ്ങളിൽ ദുരിതങ്ങൾ ഏറ്റുവാങ്ങുകയും ഭാഗ്യം കൊണ്ട് മാത്രം പൂർണ നാശത്തിലെത്താതെ രക്ഷപ്പെടുകയും ചെയ്ത സ്ഥലമായിട്ടു കൂടി അധികൃതർ പ്രശ്നം ഗൗരവത്തിലെടുത്തിട്ടില്ല. കാലവർഷം എത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കുമ്പോൾ അധികാരികൾ തുടരുന്ന മൗനം പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.
നല്ലാണിക്കൽ എൽ.പി.എസ് ജങ്ഷന് വടക്ക് ഭാഗത്ത് കടൽ തീരദേശ റോഡിന് അടുത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ കടലാക്രമണത്തിൽ ഈ ഭാഗത്ത് തീരദേശ റോഡ് മുറിഞ്ഞ് പോകുമെന്ന അവസ്ഥയിൽ എത്തിയിരുന്നു. റോഡിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന വീട്ടുകാർ സ്വന്തം പണം ഉപയോഗിച്ച് എക്സ്കവേറ്റർ വാടകക്കെടുത്ത് മണൽഭിത്തി കെട്ടിയതാണ് റോഡിനും ഇവരുടെ വീടിനും രക്ഷയായത്. കടൽ അടങ്ങിയതിന് ശേഷമാണ് സർക്കാർ താൽക്കാലിക ആശ്വാസത്തിന് ഇവിടെ ജിയോ ബാഗ് അടുക്കുകയും ചെയ്തിരുന്നു.
തീരത്ത് അടുക്കിയ ജിയോ ബാഗുകൾ ഭൂരിഭാഗവും ഇന്ന് മണ്ണിനടിയിലാണ്. അടുത്തിടെയുണ്ടായ വേലിയേറ്റങ്ങളിൽ ജിയോബാഗും കടന്ന് തിരമാലകൾ അടിച്ചുകയറുകയും തീരം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടുകാർ വോട്ട് ബഹിഷ്കരിക്കുകയും നേതാക്കളെ തടയുകയും ചെയ്തിരുന്നു.
സമാനമായ അവസ്ഥയാണ് പെരുമ്പള്ളിയിലേതും. ആഗസ്റ്റിലുണ്ടായ കടലാക്രമണത്തിൽ ഇവിടെ റോഡ് ഭൂരിഭാഗവും തകർന്നിരുന്നു. ഗതാഗതം താറുമാറായതിനെ തുടർന്ന് ഇവിടെ എത്തിയ അധികാരികൾ മൂന്നാഴ്ചക്കുള്ളിൽ തീരം സംരക്ഷിച്ച് റോഡ് ഗതാഗതയോഗ്യമാക്കാമെന്ന ഉറപ്പ് നൽകി മടങ്ങുകയായിരുന്നു. എന്നാൽ, തകർന്ന് റോഡ് താൽക്കാലികമായി ചേർത്തുവെച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് അധികാരികൾ ശ്രമിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇവിടെ റോഡും കടലും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. കൂടാതെ കായലും കടലും തമ്മിലുള്ള ദൂരം 50 മീറ്ററിൽ താഴെമാത്രമാണ്. രൂക്ഷമായ കടലാക്രമണത്തിൽ കായലും കടലും ഒന്നിച്ച് ചേർന്ന് മറ്റൊരു പൊഴികൂടി രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി. നഗർ വരെയുള്ള ഭാഗത്തെ കിഫ്ബി പുലിമുട്ട് നിർമാണം ആരംഭിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. പ്രധാന അപകട മേഖല കൂടിയായ ഇവിടെ കടലാക്രമണ സമയങ്ങളിൽ റോഡിലാണ് തിരമാലകൾ പതിക്കുന്നത്. ജൂണിൽ കിഫ്ബി പുലിമുട്ട് യാഥാർഥ്യമാകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും കല്ല് തൂക്കുന്നതിനുള്ള വേ ബ്രിഡ്ജിെൻറ പണി മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. വട്ടച്ചാൽ, ആറാട്ടുപുഴ എം.എ.എസ്.ജങ്ഷൻ, വലിയഴീക്കൽ എന്നിവിടങ്ങളിലും അപകടാവസ്ഥ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.