തീരസംരക്ഷണ നടപടികളെക്കുറിച്ച് മിണ്ടാട്ടമില്ല; വഞ്ചനയുടെ ദുരിതംപേറി തീരവാസികൾ
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരങ്ങളിൽ ഇപ്പോൾ കടൽ അടങ്ങിയിട്ടും തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കാൻ നടപടിയില്ല. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തീരവാസികൾ ഇപ്പോഴും ദുരിതത്തിലാണ്.
വട്ടച്ചാല്‍, ആറാട്ടുപുഴ, പതിയാങ്കര പ്രദേശങ്ങളില്‍ 80.81 കോടി രൂപ ചെലവുവരുന്ന പുലിമുട്ടുകള്‍ നിർമിക്കുന്നതിെൻറ പ്രഖ്യാപനമായിരുന്നു പ്രധാനപ്പെട്ടത്. ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും അധികാരികൾ അറിയിച്ചിരുന്നു.
ഇതിനുപുറമെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കുമാരനാശാൻ സ്മാരക സ്കൂളിന് സമീപം 15 ലക്ഷം രൂപ, പാനൂരിൽ 15 ലക്ഷം ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കൽ 29.1 ലക്ഷം, ആറാട്ടുപുഴ 14.5 ലക്ഷം, കാർത്തിക ജങ്ഷനിൽ 14.1 ലക്ഷവും അനുവദിച്ചതായും പ്രഖ്യാപനമുണ്ടായി.
കഴിഞ്ഞ ജൂലൈയിൽ നാളിതുവരെ കാണാത്ത കടലാക്രമണമാണ് തീരത്ത് അനുഭവപ്പെട്ടത്. നിരവധി വീടുകളും തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിെൻറ പലഭാഗങ്ങളും കടലാക്രമണത്തിൽ തകർന്നു. മൂന്നാഴ്ചക്കുള്ളിൽ റോഡ് പുനർനിർമിക്കുമെന്ന ഉറപ്പുപോലും ഇതുവരെ പാലിച്ചിട്ടില്ല. ഇനിയൊരു കടലാക്രമണം അതിജീവിക്കാൻ കഴിയാത്ത തരത്തിൽ ദുർബലമായി പല പ്രദേശങ്ങളും മാറി.
കടലിളകുമ്പോൾ പ്രഖ്യാപനവുമായി വരുന്ന അധികാരികളെ കടലടങ്ങുമ്പോൾ കാണാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാലങ്ങളായി കടൽക്ഷോഭം കൂടുതൽ അപകടംവിതക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണമെങ്കിലും ഉറപ്പുവരുത്തണമെന്ന ആവശ്യംപോലും ജലസേചനവകുപ്പ് ചെവിക്കൊണ്ടിട്ടില്ല. അനുകൂല കാലാസ്ഥയിൽ തീരം സംരക്ഷിക്കാതെ കടലിളകുമ്പോൾ ജനരോഷം തണുപ്പിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾകൊണ്ട് ഫലത്തിൽ തീരവാസികൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, പെരുമ്പള്ളി, നല്ലാണിക്കൽ, വട്ടച്ചാൽ, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കെ.വി. ജെട്ടി പടിഞ്ഞാറ് ഭാഗം, പല്ലന ഹൈസ്കൂൾ ജങ്ഷനും തോപ്പിൽ ജങ്ഷനും ഇടയിലുള്ള 195 മീ. ഭാഗം എന്നീ സ്ഥലങ്ങളാണ് കടലാക്രമണത്തിെൻറ ദുരിതം ഏറെ നേരിടുന്നത്. പതിനായിരങ്ങൾ ചെലവഴിച്ച് ചാക്കിൽ മണൽ നിറച്ചും മണൽഭിത്തി ഉണ്ടാക്കിയുമാണ് തങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നത്. പട്ടിണിക്കും ദുരിതത്തിനുമിടയിൽ വീട് സംരക്ഷിക്കാൻ പണം മുടക്കേണ്ട ഗതികേടിലാണ് തീരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.